ഹോണ്ട സിറ്റി ഹൈബ്രിഡ് | Photo: Honda Cars
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഹോണ്ട ഉറപ്പുനല്‍കിയിരുന്ന സിറ്റിയുടെ ഹൈബ്രിഡ് മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ന്യൂ സിറ്റി ഇ.എച്ച്.ഇ.വി എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് 19.49 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. സിറ്റി ഉള്‍പ്പെടുന്ന ശ്രേണിയില്‍ സ്‌ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് ടെക്‌നോളജിയുമായി എത്തുന്ന ആദ്യ വാഹനമെന്ന ഖ്യാതിയും ഹോണ്ടയുടെ ഈ പ്രീമിയം സെഡാന്‍ മോഡലിന് സ്വന്തമാണ്. വിദേശ നിരത്തുകളില്‍ ഈ മോഡല്‍ മുമ്പുതന്നെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അഞ്ചാം തലമുറ സിറ്റിക്ക് സമാനമായ രൂപത്തില്‍ തന്നെയാണ് ഈ മോഡലും എത്തിയിരിക്കുന്നത്. പ്രധാനമായി മൈലേജിന് മുന്‍തൂക്കം നല്‍കിയാണ് ഹൈബ്രിഡ് പതിപ്പ് എത്തിയിരിക്കുന്നത്. മികച്ച സെല്‍ഫ് ചാര്‍ജിങ്ങ്, ഡ്യുവല്‍ മോട്ടോര്‍ സ്‌ട്രോങ്ങ് ഹൈബ്രിഡ് സിസ്റ്റം എന്നിവ ഈ വാഹനത്തിന്റെ പ്രകടനത്തെ മികച്ച രീതിയില്‍ സ്വാധീനിക്കുന്നതിനൊപ്പം 26.5 കിലോമീറ്റര്‍ എന്ന ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ എമിഷനും ഉറപ്പാക്കുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഇ.വി. ഡ്രൈവ് മോഡ്, ഹൈബ്രിഡ് ഡ്രൈവ് മോഡ്, എന്‍ജിന്‍ ഡ്രൈവ് മോഡ് തുടങ്ങി മള്‍ട്ടി ഡ്രൈവ് മോഡുകളുമായി എത്തിയിട്ടുള്ളതും സിറ്റി ഹൈബ്രിഡിന്റെ പ്രത്യേകതകളിലൊന്നാണ്. ഇന്ധനക്ഷമതയ്‌ക്കൊപ്പം മികച്ച സുരക്ഷയും ഈ വാഹനത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. ആസിയാന്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റിലെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങിന് തുല്യമായ അംഗീകാരം സ്വന്തമാക്കിയാണ് ഹോണ്ട, സിറ്റി ഹൈബ്രിഡിന്റെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.
സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്. ഇതിനായി ഹൈ പെര്‍ഫോമെന്‍സ് മുന്‍ ക്യാമറയും വൈഡ് ആംഗിള്‍ ഫാര്‍ റീച്ചിങ്ങ് ഡിറ്റക്ഷന്‍ സംവിധാനവുമുള്ള അഡ്വാന്‍സ്ഡ് ഇന്റലിജെന്റ് സേഫ്റ്റി സംവിധാനമായ ഹോണ്ട സെന്‍സിങ്ങും സിറ്റി ഹൈബ്രിഡില്‍ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്ങ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റോഡ് ഡിപ്പാച്ചര്‍ മിറ്റിഗേഷന്‍, ലെയ്ന്‍ കീപ്പിങ്ങ് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
സിറ്റി ഇ.എച്ച്.ഇ.വിയില്‍ നല്‍കിയിട്ടുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ക്കൊപ്പം 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ DOHC i-VTEC പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 126 പി.എസ്. പവറും 253 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് ഡ്രൈവിങ്ങ് മോഡുകളിലേക്കും ഓട്ടോമാറ്റിക്കായി മാറുമെന്നതാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. സാധാരണ ഇലക്ട്രിക് കാറുകളില്‍ നല്‍കിയിട്ടുള്ള റീ ജനറേറ്റീവ് ബ്രേക്കിങ്ങ് സിസ്റ്റവും ഇതിലുണ്ട്.
കണക്ടഡ് കാര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്നതിനായി 37 ഹോണ്ട കണക്ട് ഫീച്ചറുകളും പുതിയ സിറ്റിയില്‍ ഒരുങ്ങിയിട്ടുണ്ട്. സ്മാര്‍ട്ട് വാച്ച്, അലക്‌സ തുടങ്ങിയ ഡിവൈസുകളുമായി കണക്ട് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയതാണ് അകത്തളത്തില്‍ വരുത്തിയിട്ടുള്ള പുതുമ. സോളിഡ് വിങ്ങ് ഫേസ്, ബ്ലൂ കളറില്‍ നല്‍കിയിട്ടുള്ള മുന്നിലേയും പിന്നിലേയും ലോഗോ, ഫോഗ് ലാമ്പുകള്‍ക്ക് ചുറ്റും നല്‍കിയിട്ടുള്ള ഗാര്‍ണിഷ്, ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍ തുടങ്ങിയവ ഡിസൈനിലും മാറ്റം നല്‍കുന്നു.
Content Highlights: Honda launches India’s First Mainstream Strong Hybrid Electric Vehicle - New City e:HEV
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..