ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട കൂടുതല്‍ ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണെങ്കിലും ഇന്ത്യന്‍ നിരത്തുകളില്‍ ആദ്യമെത്തിക്കുന്ന ഇലക്ട്രിക് കാര്‍ ഹാച്ച്ബാക്ക് മോഡലായ ജാസിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കുമെന്ന് ഉറപ്പായി. 

ഇലക്ട്രിക് കരുത്തിലേക്ക് മാറുന്ന ജാസിന്റെ പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങി. ഡല്‍ഹിയിലെ തിരക്കുള്ള പാതയില്‍ പരീക്ഷണയോട്ടം നടത്തുന്ന ജാസ് ഇലക്ട്രിന്റെ ചിത്രങ്ങള്‍ ന്യൂസ്18-നാണ് ലഭിച്ചത്. 

വാഹനത്തിന്റെ മുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ തന്നെ മുന്‍ഭാഗത്ത് രൂപമാറ്റം വരുത്തിയോയെന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. അതേസമയം, പിന്‍വശം ഇപ്പോള്‍ നിരത്തിലുള്ള ജാസിന് സമാനമാണ്.

ഇതിനൊപ്പം 15 ഇഞ്ച് അലോയി വീലുകളും ഷാര്‍ക്ക് ഫിന്‍ ആന്റിനയും സ്‌പോയിലറും ഇലക്ട്രിക് ജാസില്‍ ഇടംനേടിയിട്ടുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 225 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് വിവരം.

Electric Jazz
Image Courtesy: News18

125 പിഎസ് പവറും 256 എന്‍എം ടോര്‍ക്കുമേകുന്ന എംസിഎഫ്-3 ഇലക്ട്രിക് മോട്ടോറായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. 20 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതില്‍ നല്‍കുക. 

വലത് വശത്ത് സാധാരണ ചാര്‍ജിങ്ങിനുള്ള പോര്‍ട്ടും ഇടത് വശത്ത് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പോര്‍ട്ടുമായിരിക്കും നല്‍കുക. സാധാരണ ചാര്‍ജിങ്ങിന് ആറ് മണിക്കൂറാണ് വേണ്ടതെങ്കില്‍ ഫാസ്റ്റ് ചാര്‍ജിങ്ങിലൂടെ 20 മിനിറ്റുകൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. 

ഇലക്ട്രിക് കാറുകള്‍ക്ക് പുറമെ, ഇന്ത്യയിലേക്ക് ഏതാനും ഹൈബ്രിഡ് കാറുകളുമെത്തിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട. ഇതിന്റെ ഭാഗമായി ഹോണ്ടയുടെ ജനപ്രിയ സെഡാനായ സിറ്റി ഹൈബ്രിഡിലേക്ക് മാറാനൊരുങ്ങുകയാണ്. ഇലക്ട്രിക് ജാസിനൊപ്പം 2020-ല്‍ ആയിരിക്കും ഹൈബ്രിഡ് സിറ്റിയും നിരത്തിലെത്തുക.

Content Highlights: Honda Jazz EV Test Run Begins in India