ന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ കരുത്തന്‍ സാന്നിധ്യമായ ജാസിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ചു. ബിഎസ്-6 എന്‍ജിനൊപ്പം സ്റ്റൈലിലും മോടികൂട്ടി എത്തിയ ജാസിന് 7.49 ലക്ഷം രൂപ മുതല്‍ 9.73 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. മൂന്ന് വേരിയന്റുകളില്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഇത്തവണ ജാസ് എത്തിയിട്ടുള്ളത്.

ഹോണ്ടയുടെ അമേസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കരുത്തേകുന്ന 1.2 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് ജാസിലും നല്‍കിയിട്ടുള്ളത്. ബിഎസ്-6 മാനദണ്ഡം പാലിക്കുന്ന ഈ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരിക്കുന്നത്. 

ക്രോമിയം ആക്‌സെന്റുകള്‍ നല്‍കിയ പുതിയ ബ്ലാക്ക് ഗ്രില്ല്, എന്‍ഇഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പും ഡിആര്‍എല്ലും ഫോഗ് ലാമ്പും, പുതുക്കിപണിത മുന്നിലേയും പിന്നിലേയും ബംമ്പറുകളും എല്‍ഇഡിയില്‍ തന്നെ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പുമാണ് ജാസിന്റെ പുറംവശത്തെ മോടിപിടിപ്പിക്കുന്നത്. ഇലക്ട്രിക് സണ്‍റൂഫ് ജാസിലെ പുതുമയാണ്. 

ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്‌സ്റ്റോപ്പ് സംവിധാനം, പാഡില്‍ ഷിഫ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ അകത്തളത്തില്‍ അധികമായി എത്തുന്നുണ്ട്. ഇതിനൊപ്പം മുമ്പുണ്ടായിരുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ജാസില്‍ തുടരും.

എതിരാളികളെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതിനായി സണ്‍റൂഫും ജാസില്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നിരത്തുകളില്‍ വേരുറപ്പിച്ച ടാറ്റ അല്‍ട്രോസ്, ഹ്യുണ്ടായി ഐ20, മാരുതി ബലേനൊ തുടങ്ങിയ വാഹനങ്ങളുമായാണ് ജാസ് ഏറ്റുമുട്ടുന്നത്. ബുക്കിങ്ങ് ആരംഭിച്ച ഈ വാഹനം ഏറെ വൈകാതെ നിരത്തുകളിലെത്തുമെന്നാണ് സൂചന.

Content Highlights: Honda Jazz BS6 Engine Model Launched In India