കോംപാക്ട്  എസ്‌യുവി ശ്രേണി കൂടുതല്‍ കരുത്താര്‍ജിക്കുന്നത് കണക്കിലെടുത്ത് ഹോണ്ടയും ഈ രംഗത്തേക്ക് എത്തുന്നു. അമേസിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ കോംപാക്ട് എസ്‌യുവി 2020-അവസാനത്തോടെ നിരത്തിലെത്തിക്കാനാണ് ഹോണ്ട ഒരുങ്ങുന്നത്. 

നിലവില്‍ നിരത്തിലുള്ള ഡബ്ല്യുആര്‍-വി ആയിരിക്കും കോംപാക്ട് എസ്‌യുവി ആകുകയെന്നും അഭ്യൂഹങ്ങളുണ്ട്. ജാസിന്റെ പ്ലാറ്റ്‌ഫോമിലാണ് ഹോണ്ട ഡബ്ല്യുആര്‍വി ഒരുക്കിയിട്ടുള്ളത്. കോംപാക്ട് എസ്‌യുവി മോഡലിന്റെ പേര് ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല.

ഇതിന് പുറമെ, ആഗോള നിരത്തുകളിലുള്ള ഹോണ്ടയുടെ എച്ച്ആര്‍-വി എന്ന മോഡലിനെയും ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട. ജാസിന്റെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അമേസ് വാഹനത്തിലെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ തന്നെ വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികളിലും നല്‍കാനാണ് ഹോണ്ടയുടെ ശ്രമമെന്നാണ് സൂചന. ഇതിനൊപ്പം മാനുവല്‍ സിവിടി ഗിയര്‍ബോക്‌സുകളിലും കോംപാക്ട് എസ്‌യുവി അവതരിപ്പിക്കും.

ഇന്ത്യയില്‍ കോംപാക്ട് എസ്‌യുവി ശ്രേണി ശക്തിപ്രാപിക്കുന്നത് കണക്കിലെടുത്താണ് ബ്രിയോ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്‌സ്, മഹീന്ദ്ര XUV300 എന്നീ വാഹനങ്ങളായിരിക്കും ഹോണ്ട വാഹനത്തിന്റെ എതിരാളി.

Content Highlights: Honda is Readying Mahindra XUV300 Rival for India