ലോകത്താകമാനം ഇലക്ട്രിക് കാറുകള്‍ നിരത്ത് കീഴടക്കി തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് കാറിന്റെ നിര്‍മാണത്തിലേക്ക് മാറാനുള്ള ശ്രമങ്ങള്‍ ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ഹോണ്ടയും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, മറ്റ് കമ്പനികളെ പോലെയല്ല, ഹോണ്ടയുടെ തുടക്കം തന്നെ എസ്‌യുവിയിലായിരിക്കുമെന്നാണ് സൂചന.

ഹോണ്ടയുടെ അര്‍ബണ്‍ ഇവി കണ്‍സെപ്റ്റിന്റെ മാതൃകയിലായിരിക്കും ഹോണ്ടയുടെ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കുക. ആദ്യഘട്ടമായി 2019-ല്‍ ചൈനീസ് വിപണിയില്‍ എത്തിക്കാനും 2023-24-ഓടെ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഒറ്റ ചാര്‍ജില്‍ 150-മുതല്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും ഇതില്‍. ഇതിന് പുറമെ, സിറ്റി, സിവിക് തുടങ്ങിയ മോഡലുകളില്‍ ഹൈബ്രീഡ് സംവിധാനം ഒരുക്കുമെന്നും ഹോണ്ടയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

2030-ആകുന്നതോടെ ഹോണ്ടയുടെ മൊത്ത വില്‍പ്പനയില്‍ 60 ശതമാനം ഇലക്ട്രിക് കാറുകളാക്കി മാറ്റുകയാണ് ഹോണ്ടയുടെ ലക്ഷ്യമെന്ന് ഹോണ്ട കാര്‍ ഇന്ത്യയുടെ പ്രസിഡന്റ് ഗാകു നകാനിഷിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.