കോംപാക്ട് എസ്‌യു-വി ശ്രേണിയിലേക്ക് ഹോണ്ട എത്തിച്ചിട്ടുള്ള വാഹമാണ് എച്ച്ആര്‍-വി. 2015-ല്‍ വിദേശ നിരത്തുകളില്‍ എത്തിച്ചിരുന്നെങ്കിലും ഇന്ത്യയിലേക്കുള്ള വഴിയൊരുങ്ങുന്നതേയുള്ളു. പെട്രോള്‍ എന്‍ജിനില്‍ മാത്രം പുറത്തിറങ്ങിയരുന്ന ഈ വാഹനം ഇന്ത്യയില്‍ ഡീസല്‍ എന്‍ജിനിലും അവതരിക്കും.

1.5 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനിലും ഹൈബ്രിഡ് എന്‍ജിനിലും മാത്രമാണ് എച്ച്ആര്‍-വി പുറത്തിറങ്ങിയിരുന്നത്. എന്നാല്‍, പുതുതായെത്തുന്ന എച്ച്ആര്‍-വിയില്‍ 1.6 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ എന്‍ജിനും ഉള്‍പ്പെടുത്താനാണ് ഹോണ്ടയുടെ തീരുമാനം. 

ഇപ്പോഴുള്ള എച്ച്ആര്‍-വിയിലെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 130 പിഎസ് പവറും 155 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഹോണ്ടയുടെ മറ്റൊരു മോഡലായ സിആര്‍-വിയില്‍ നല്‍കിയിരിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും എച്ച്ആര്‍-വിയിലും നല്‍കുക. ഇത് 118 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമേകും. 

ഹോണ്ട ജാസ്, സിവിക്, സിറ്റി എന്നീ വാഹനങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന എച്ച്ആര്‍-വിയുടെ ഡീസല്‍ മോഡലില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാഴ്ചയിലും ഏറെ സ്‌റ്റൈലിഷായാണ് ഈ വാഹനം. മുന്‍വശത്തെ വലിയ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, പുതുക്കിപ്പണിത ഫ്രണ്ട് ബംമ്പര്‍ എന്നിവ മാസീവ് രൂപം നല്‍കും. പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയി വീലും എച്ച്ആര്‍-വിയുടെ പ്രത്യേകതയാണ്.

ഡുവല്‍ ടോണ്‍ ഇന്റീരിയറാണ് ടോപ് എന്‍ഡ് മോഡലിലുള്ളത്. 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 5 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, റിവേഴ്സിങ് ക്യാമറ, പനോരമിക് സണ്‍റൂഫ്, മടക്കിവയ്ക്കാവുന്ന റിയര്‍ സീറ്റ് എന്നിവയാണ് ഇന്റീരിയറിലെ പ്രത്യേകത.

സുരക്ഷയ്ക്കായി ആറ് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ് എന്നിവ എച്ച്ആര്‍-വിയില്‍ നല്‍കിയിട്ടുണ്ട്.