സ്‌യുവി ശ്രേണിയില്‍ ഹോണ്ടയുടെ വജ്രായുധമായ HR-V -യുടെ സ്‌പോര്‍ട്‌സ് മോഡല്‍ ഒരുങ്ങുന്നു. പുതിയ ഫീച്ചേഴ്സിനൊപ്പം ഡിസൈനിലും ചില മാറ്റങ്ങളുമായാണ് എച്ച്ആര്‍-വി സ്‌പോര്‍ട്ട് പുറത്തിറങ്ങാനൊരുങ്ങുന്നത്.

ഹണി കോമ്പ് ഗ്രില്‍, സൈഡ് മിറര്‍, ഫോഗ് ലാമ്പ് ക്ലെസ്റ്റര്‍ എന്നിവിടങ്ങളില്‍ ഗ്ലോസി ബ്ലാക്ക് നിറം നല്‍കിയിട്ടുള്ളതാണ് പ്രധാന മാറ്റം. ഇതിന് പുറമെ, ഡുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, 18 ഇഞ്ച് അലോയി വീലുകള്‍ എന്നിവയും സ്‌പോര്‍ട്‌സ് മോഡലിനെ വ്യത്യസ്തമാക്കുന്നു. 

കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്ന സീറ്റുകള്‍ക്കൊപ്പം ചുവപ്പും കറുപ്പും നിറത്തിലാണ് ഇന്റീരിയറിനെ അലങ്കരിച്ചിരിക്കുന്നത്. എന്നാല്‍, മറ്റ് ഫീച്ചറുകളെല്ലാം റെഗുലര്‍ മോഡല്‍ എച്ച്ആര്‍-വിയിലുള്ളതിന് സമമാണ്. 

HR-V Sport
Image: AutoCar

കാഴ്ചയില്‍ മാത്രമല്ല കരുത്തിലും ഈ വാഹനം സ്‌പോര്‍ട്ടിയാണ്. 182 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എച്ച്ആര്‍-വി സ്‌പോര്‍ട്ടിന് കരുത്ത് പകരുന്നത്. പുറത്തിറങ്ങാനിരിക്കുന്ന സിവികിലും ഈ എന്‍ജിനാണ് നല്‍കുന്നത്. 

സുരക്ഷയ്ക്കായി ആറ് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ് എന്നിവ എച്ച്ആര്‍-വിയില്‍ നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ വിദേശത്ത് മാത്രം എത്തുന്ന വാഹനം ഭാവിയില്‍ ഇന്ത്യയിലുമെത്തും.

Content Highlights: Honda HR-V gets 182hp Sport variant