ഹോണ്ട എലിവേറ്റ് | Photo: Honda Cars
ഇന്ത്യന്‍ വാഹന വിപണിയില്‍ അത്രകണ്ട് മിന്നുന്ന പ്രകടനമൊന്നുമല്ല ഹോണ്ട കാര്‍സ് ഇന്ത്യ കാഴ്ചവയ്ക്കുന്നതെന്നത് പകല്‍ പോലെ വ്യക്തമാണ്. മൂന്ന് മോഡലുകളുമായാണ് ഹോണ്ട ഇന്ത്യന്‍ നിരത്തുകളില്‍ പിടിച്ച് നില്‍ക്കുന്നത് പോലും. ഈ മോഡലുകളെല്ലാം ഇന്ത്യയിലെ വാഹനപ്രേമികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചവയാണെന്നത് മറ്റൊരു സത്യം. ഇപ്പോള്‍ സെഡാന്‍ വാഹനങ്ങള്‍ മാത്രമുള്ള ഹോണ്ടയുടെ ഇന്ത്യയിലെ വാഹനനിര എസ്.യു.വികള്‍ ഉള്‍പ്പെടെ എത്തിച്ച് വികസിപ്പിക്കുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്.
ഹോണ്ടയുടെ വാഹന നിരയിലെ ആദ്യ മിഡ് സൈസ് എസ്.യു.വിയായ ഹോണ്ട എലിവേറ്റ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹോണ്ട ദീര്‍ഘമായ ഭാവി പദ്ധതിയും പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ടയുടെ ഇന്ത്യക്കായുള്ള ആദ്യ ഇലക്ട്രിക് വാഹനം ഇപ്പോള്‍ എത്തിയിട്ടുള്ള എലിവേറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നതാണ് ഏറ്റവും പ്രധാന പ്രഖ്യാപനം. 2025-26 ഓടെയായിരിക്കും എലിവേറ്റിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തുകയെന്നാണ് ഹോണ്ട നല്‍കുന്ന സൂചന.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക്കിലേക്കുള്ള ചുവടുവയ്പ്പ് ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിനൊപ്പം 2030 ആകുമ്പോഴേക്കും എലിവേറ്റ് ഉള്‍പ്പെടെ ഇന്ത്യയിലെ ഹോണ്ടയുടെ വാഹന നിരയില്‍ അഞ്ച് എസ്.യു.വികള്‍ എത്തിക്കുമെന്നും ഹോണ്ട ഉറപ്പുനല്‍കുന്നു. ഹോണ്ടയുടെ റെഗുലര്‍ പെട്രോള്‍ എന്‍ജിനായ 1.5 ലിറ്റര്‍ ഐ-വിടെക് എന്‍ജിനാണ് നിലവില്‍ എലിവേറ്റ് എസ്.യു.വിയില്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ സമീപ ഭാവിയില്‍ തന്നെ ഈ വാഹനത്തിന്റെ ഹൈബ്രിഡ് പതിപ്പും വിപണിയില്‍ എത്തുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്.

ഭാവിയില്‍ വാരാനിരിക്കുന്ന എസ്.യു.വികളെ സംബന്ധിച്ച സൂചനകള്‍ പോലും ഹോണ്ട നല്‍കുന്നില്ലെങ്കിലും എലിവേറ്റിന് ശേഷം എത്തുന്നത് കോംപാക്ട് എസ്.യു.വിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണ്ട ഡബ്ല്യു.ആര്‍.വി. എന്ന പേര് സ്വീകരിച്ചായിരിക്കും ഈ കോംപാക്ട് എസ്.യു.വി. എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷത്തെ ഹോണ്ടയുടെ ലോഞ്ച് ആയിരിക്കും ഈ വാഹനം. മറ്റ് എസ്.യു.വികള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെത്തും. ഇതിനൊപ്പം നിലവിലെ മോഡലുകള്‍ മുഖംമിനുക്കിയുമെത്തും.
ഹോണ്ടയെ സംബന്ധിച്ച മറ്റൊരു സുപ്രധാന പ്രഖ്യാപനമായിരുന്നു ആഗോളതലത്തില്‍ 2040-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും ഹോണ്ടയില്‍ നിന്ന് പുറത്തിറങ്ങുകയെന്നാണ്. ഇത് ഇന്ത്യന്‍ വിപണിക്കും ബാധകമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. അതിനാല്‍ തന്നെ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് എസ്.യു.വികള്‍ക്ക് പുറമെ, കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളും വരും വര്‍ഷങ്ങളില്‍ ഹോണ്ടയില്‍ നിന്ന് പ്രതീക്ഷിക്കാം. സി.ആര്‍.വി. ഉള്‍പ്പെടെയുള്ള ജനപ്രിയ നാമങ്ങളും മറ്റ് രൂപത്തില്‍ മടങ്ങിയെത്തും.
ഹോണ്ടയുടെ ഇന്ത്യയിലെ ഭാവി നിര്‍ണയിക്കുന്ന വാഹനമായിരിക്കും എലിവേറ്റ് എന്നാണ് വിലയിരുത്തലുകള്‍. സെഡാന്‍ ശ്രേണിയില്‍ മാത്രം വാഹനങ്ങള്‍ ഉള്ള ഹോണ്ട ആദ്യമായാണ് ഇന്ത്യയില്‍ ഒരു മിഡ്-സൈസ് എസ്.യു.വി. എത്തിക്കുന്നത്. നിലവില്‍ ഈ ശ്രേണിയില്‍ എത്തുന്ന മറ്റ് എതിരാളികളെക്കാള്‍ മെച്ചപ്പെട്ട സംവിധാനങ്ങളുമായാണ് ഈ വാഹനം എത്തുന്നത്. 4312 എം.എം. നീളം, 1790 എം.എം. വീതി, 1650 എം.എം. ഉയരവും 2650 എം.എം. വീല്‍ബേസ് 220 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകള്‍.

ഹോണ്ടയുടെ മറ്റ് വാഹനങ്ങളില്‍ കണ്ടിട്ടുള്ള ഡിസൈനുകളെക്കാള്‍ അല്‍പ്പം മസ്‌കുലര്‍ ഭാവത്തോടെയാണ് എലിവേറ്റ് എത്തിയിരിക്കുന്നത്. ഈ വാഹനത്തിലെ താരതമ്യേന ഉയര്‍ന്ന മുന്‍ഭാഗത്തെ ഹൈ നോസ് എന്നാണ് ഹോണ്ട വിശേഷിപ്പിക്കുന്നത്. ഗ്ലോബല്‍ എച്ച്.ആര്‍.വിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാഹനത്തിന്റെ ഗ്രില്ല് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പൂര്‍ണമായും എല്‍.ഇ.ഡിയിലാണ് ഹെഡ്‌ലാമ്പും ഫോഗ്‌ലാമ്പും ഒരുങ്ങിയിരിക്കുന്നത്. സ്റ്റൈലിഷായി ഒരു ഡി.ആര്‍.എല്ലും നല്‍കിയാണ് മുന്‍വശം ആകര്‍ഷകമാക്കുന്നതത്.
വശങ്ങളില്‍ 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലാണ് ഹൈലൈറ്റ്. ഡിസൈനില്‍ സിറ്റിയിലെ വീലുമായി സാമ്യവുമുണ്ട്. 220 എം.എം. എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഈ വാഹനത്തിന് വശങ്ങളില്‍ നിന്നും മസ്‌കുലര്‍ ഭാവം പകരുന്നുണ്ട്. പിന്‍ഭാഗം കൂടുതല്‍ ഫ്യൂച്ചറിസ്റ്റിക്കാണ്. എല്‍ ഷേപ്പ് എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, ലൈറ്റ് സ്ട്രിപ്പ്, വാഹനത്തിന്റെ പേരും എന്‍ജിന്റെ വിശേഷണവും നല്‍കുന്ന ബാഡ്ജിങ്ങുകള്‍ എന്നിവ പിന്നിലുണ്ട്. ബൂട്ട് സ്‌പേസാണ് ഇവിടെ ഹൈലൈറ്റ്. 458 ലിറ്ററാണ് സ്റ്റോറേജ് നല്‍കുന്നത്.
ഇന്റീരിയര്‍ പുതുതലമുറ ഹോണ്ട സിറ്റിയെ ഓര്‍മപ്പെടുത്ത തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് വലിപ്പമുള്ള സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മികച്ച കുഷ്യനിങ്ങ് നല്‍കുന്ന സീറ്റുകള്‍, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്ങ് തുടങ്ങിയ സംവിധാനങ്ങളാണ് അകത്തളത്തിലുള്ളത്. പിന്നിലും രണ്ട് പേര്‍്ക്കാണ് കംഫര്‍ട്ടബിള്‍ യാത്ര. സണ്‍റൂഫ് ഉള്‍പ്പെടെയുള്ള ഫീച്ചറും ഇതില്‍ നല്‍കിയിട്ടുണ്ട്.

സുരക്ഷയ്ക്കും വലിയ പ്രാധാന്യമാണ് ഹോണ്ട എലിവേറ്റില്‍ നല്‍കിയിട്ടുള്ളത്. ഹോണ്ട സെല്‍സിങ്ങ് എന്ന പേരില്‍ ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം (അഡാസ്-2) ഈ വാഹനത്തില്‍ സുരക്ഷയൊരുക്കിയിരിക്കുന്നത്. കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്ങ് സിസ്റ്റം, ലെയ്ല്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ് സിസ്റ്റം, ഓട്ടോ ഹൈ ബീം, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍ സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലീഡ് കാര്‍ ഡിപാര്‍ച്ചര്‍ നോട്ടിഫിക്കേഷന്‍ തുടങ്ങിയവയാണ് അഡാസ് നല്‍കുന്ന സൗകര്യങ്ങള്‍.
മെക്കാനിക്കല്‍ ഫീച്ചറുകളും ഹോണ്ട സിറ്റിയുടെ റെഗുലര്‍ പതിപ്പുമായി പങ്കിട്ടാണ് എലിവേറ്റ് എസ്.യു,വി. എത്തുന്നത്. അതേസമയം, ഐ-ഡിടെക്കിനെ പുറത്തുനിര്‍ത്തി ഐ-വിടെക് പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് എലിവേറ്റിന് കരുത്തേകുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍ 121 ബി.എച്ച്.പി. പവറും 145 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകള്‍ ഈ മോഡലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. മറ്റ് അടിസ്ഥാന സുരക്ഷ ഫീച്ചറുകളും ഇതില്‍ ഉറപ്പാക്കിയിട്ടുണ്ട്.
Content Highlights: Honda Elevate suv, Honda will launch the electric version of elevate suv, 5 suv's before 2030


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..