ഹോണ്ടയുടെ ആദ്യ സിറ്റി ഇലക്ട്രിക് വാഹനത്തിന്റെ പേര് ഔദ്യോഗികമായി കമ്പനി പുറത്തുവിട്ടു. 'ഹോണ്ട ഇ' എന്ന പേരിലാണ് ഇലക്ട്രിക് ഹാച്ച്ബാക്ക് വിപണിയിലെത്തുക. 2018 ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലായിരുന്നു 'അര്‍ബണ്‍ ഇവി' എന്ന പേരില്‍ ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ ഹോണ്ട ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പിന്നാലെ 2019 ജനീവ ഓട്ടോ ഷോയിലും ഈ ചെറു ഇലക്ട്രിക് കാര്‍ താരമായി.  

Honda e

ജനീവയില്‍ അവതരിപ്പിച്ച പ്രോട്ടോടൈപ്പ് മോഡല്‍ എകദേശം 95 ശതമാനവും 'ഹോണ്ട ഇ' പ്രൊഡക്ഷന്‍ സ്‌പെക്കിനോട് സാമ്യമുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പഴയ ഹോണ്ട സിവിക് കാറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് റെട്രോ ശൈലിയിലാണ് ഹോണ്ട ഇ മോഡലിന്റെ നിര്‍മാണം. കണ്‍സെപ്റ്റ് മോഡലുകള്‍ പ്രകാരം പതിവ് ശൈലിയില്‍ നിന്ന് മാറി ചെറിയ വൃത്താകൃതിയിലാണ് എല്‍ഇഡി ഹെഡ്‌ലൈറ്റ്. നടുവിലായി നീല നിറത്തില്‍ ഹോണ്ട ലോഗോ ആലേഖനം ചെയ്തു. മുന്നിലും പിന്നിലും ലൈറ്റുകള്‍ക്കിടിയില്‍ ഇന്റഗ്രേറ്റഡ് ബോര്‍ഡുകളും ഒരുക്കിയിട്ടുണ്ട്. മുന്നില്‍നിന്ന് പിന്നിലേക്ക് വലിച്ച് തുറക്കാവുന്ന ഡോറുകളാണ് ഇതിലുണ്ടായിരുന്നത്. എന്നാല്‍ ഹോണ്ട ഇ പ്രൊഡക്ഷന്‍ സ്‌പെക്കില്‍ ഈ രീതി തുടരാന്‍ സാധ്യത വളരെ കുറവാണ്. 

Honda e

ഡിസൈനിങ്ങില്‍ പുരാതനമാണെങ്കിലും അകത്തളത്തില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നീളമേറിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡാഷ്‌ബോര്‍ഡിന് മുകളില്‍ സ്ഥാനംപിടിച്ചു. ഡാഷ്‌ബോര്‍ഡ് മുഴുവന്‍ ആവരണം ചെയ്യാന്‍ മാത്രം വലുപ്പമേറിയതാണിത്. ബോണറ്റിലാണ് ചാര്‍ജിങ് പ്ലഗ്. വളരെ നേര്‍ത്ത എ പില്ലര്‍ ഡ്രൈവര്‍ക്ക് നിരത്തിലേക്ക് കൂടുതല്‍ കാഴ്ച നല്‍കും. 

വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് കമ്പനി വ്യക്തമാക്കിയിട്ടില്ല. ലൈറ്റ് വെയിറ്റ് ബാറ്ററി പാക്കായിരിക്കും വാഹനത്തില്‍ നല്‍കുക. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 200 കിലോമീറ്റര്‍ പിന്നിടാന്‍ സാധിക്കുന്ന ബാറ്ററിയായിരിക്കും ഈ ചെറു ഇലക്ട്രിക് ഹാച്ച്ബാക്കില്‍ നല്‍കുക. 30 മിനിറ്റ് കൊണ്ട് ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനുമായേക്കും. ആഗോള വിപണയില്‍ ബിഎംഡബ്ല്യു ഐ3, കിയ ഇ-നിറോ എന്നിവയാകും ഹോണ്ട ഇ മോഡലിന്റെ പ്രധാന എതിരാളികള്‍. 

Honda e

Content HIghlights; Honda e, Honda Electric Car, Honda Urban EV