ലക്ട്രിക് കാറുകളുടെ യുഗത്തെ വരവേല്‍ക്കാന്‍ ഹോണ്ടയും ഒരുങ്ങി കഴിഞ്ഞതായി സൂചന നല്‍കി ഇലക്ട്രിക് കാറിന്റെ പരീക്ഷണയോട്ടം ആരംഭിച്ചു. ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ജാസായിരിക്കും ആദ്യ ഇലക്ട്രിക് വാഹനമാകുകയെന്ന് ഹോണ്ട മുമ്പ് അറിയിച്ചിരുന്നു.

ഇലക്ട്രിക് എന്‍ജിനിലേക്ക് മാറിയ ജാസിന്റെ പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങി. വാഹനത്തിന്റെ മുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ തന്നെ രൂപമാറ്റം വരുത്തിയോയെന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. പിന്‍വശം ഇപ്പോള്‍ നിരത്തിലുള്ള ജാസിന് സമാനമാണ്.

ഇപ്പോഴുള്ള ജാസിന്റെ ഡിസൈനില്‍ മാറ്റം നല്‍കിയായിരിക്കും ഇലക്ട്രിക് ജാസ് എത്തുകയെന്നാണ് കഴിഞ്ഞ മെയില്‍ ഹോണ്ട അറിയിച്ചത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും ഇതില്‍ നല്‍കുകയെന്നും ഹോണ്ട അറിയിച്ചിരുന്നു.

ഇലക്ട്രിക് കാറുകള്‍ക്ക് പുറമെ, ഇന്ത്യയിലേക്ക് ഏതാനും ഹൈബ്രിഡ് കാറുകളുമെത്തിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട. ഇതിന്റെ ഭാഗമായി ഹോണ്ടയുടെ ജനപ്രിയ സെഡാനായ സിറ്റി ഹൈബ്രിഡിലേക്ക് മാറാനൊരുങ്ങുകയാണ്. ഇലക്ട്രിക് ജാസിനൊപ്പം 2020-ല്‍ ആയിരിക്കും ഹൈബ്രിഡ് സിറ്റിയും നിരത്തിലെത്തുക.

ഹോണ്ടയ്ക്ക് പുറമെ, ഇന്ത്യന്‍ നിരത്തില്‍ കരുത്തരായ മാരുതി, ടൊയോട്ട, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങളുടെ പണിപ്പുരയിലാണ്. ഇവരുടെ ഇലക്ട്രിക് മോഡലുകളെയും 2020-ഓടെ നിരത്തില്‍ പ്രതീക്ഷിക്കാം.

Content Highlights: Honda Commences electric-vehicle testing in India