ലോകത്തുടനീളം സെഡാന്‍ വാഹനങ്ങളുടെ പ്രൗഢി നിലനിര്‍ത്തുന്ന പ്രധാനപ്പെട്ട മോഡലുകളില്‍ ചിലതാണ് ഹോണ്ടയുടെ സിവിക്, സിറ്റി തുടങ്ങിയ മോഡലുകള്‍. ഇതില്‍ സിവിക് എന്ന ആഗോള മോഡല്‍ പത്താം തലമുറയും പിന്നിട്ട് 11-ാം തലമുറയില്‍ എത്തി നില്‍ക്കുകയാണ്. ഓരോ വരവിലും പുതുമകള്‍ നിറച്ചെത്തുന്ന സിവിക്കിന്റെ പുതിയ മോഡല്‍ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിച്ചു.

കഴിഞ്ഞ നവംബറില്‍ പുതുതലമുറ സിവിക്കിന്റെ കണ്‍സെപ്റ്റ് ഹോണ്ട പുറത്തുവിട്ടിരുന്നു. വലിപ്പത്തില്‍ അല്‍പ്പം വളര്‍ന്നും ഫീച്ചറുകളില്‍ അല്‍പ്പം റിച്ചായി, കാര്യക്ഷമത വര്‍ധിപ്പിച്ചും സാങ്കേതികവിദ്യകള്‍ ഒരുക്കിയും തികഞ്ഞ ഒരു ന്യൂജനറേഷന്‍ വാഹനമായാണ് 11-ാം തലമുറ സിവിക്ക് എത്തിയിട്ടുള്ളത്. മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി സ്‌പോര്‍ട്ടി ഭാവമാണ് പുതിയ മോഡലിലുള്ളത്. 

അമിതമായ അലങ്കാരപണികള്‍ വരുത്താത്ത സിംപിളായ മുഖഭാവമാണ് ഇത്തവണ സിവികില്‍ നല്‍കിയിട്ടുള്ളത്. ഗ്രില്ല് വളരെ ചെറുതാണ്. ബ്ലാക്കാണ് ഇതിന്റെ നിറം. വീതി കുറഞ്ഞ നീളമുള്ള ഹെഡ്‌ലൈറ്റാണ് മുഖഭാവത്തെ ഐശ്വര്യം. ഒമ്പത് നിരയായി എല്‍.ഇ.ഡികള്‍ അടുക്കിയാണ് ഈ ലൈറ്റ് ഒരുങ്ങിയിട്ടുള്ളത്. കര്‍വുകള്‍ നല്‍കിയിട്ടുള്ള വലിയ ബമ്പറില്‍ ബ്ലാക്ക് ക്ലാഡിങ്ങിന്റെ അകമ്പടിയിലാണ് ഫോഗ്‌ലാമ്പിന്റെ സ്ഥാനം. വലിയ എയര്‍ ഡാം കൂടി ചേരുന്നതോടെ മുഖഭാവം പൂര്‍ണമാകും. 

വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ കൂപ്പെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ചരിഞ്ഞിറങ്ങുന്ന റൂഫ്, ടെയ്ല്‍ഗേറ്റിനോട് ചേര്‍ന്നിരുക്കുന്ന സി-പില്ലര്‍, എന്നിവയാണ് കൂപ്പെ ഭാവം നല്‍കുന്നത്. അഞ്ച് സ്‌പോക്ക് അലോയി വീലും വശങ്ങളുടെ അലങ്കാരമാണ്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലൈറ്റാണ് പിന്‍ഭാഗത്തെ സ്റ്റൈലിഷാക്കുന്നത്. 

ആഡംബരം എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്ന അകത്തളമാണ് സിവിക്കിന്റേത്. ഡാഷ്‌ബോര്‍ഡിന്റെ ഡിസൈന്‍ അടിമുടി മാറിയിരിക്കുന്നു. ഫ്‌ളോട്ടിങ്ങാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ചിട്ടയായി നിരത്തിയിട്ടുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ലെതര്‍-ഫാബ്രിക് ഫിനീഷിങ്ങിലുള്ള സീറ്റുകള്‍ തുടങ്ങിയവയാണ് അകത്തളത്തെ അലങ്കരിക്കുന്നത്. 

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സിവിക് ഇത്തവണ എത്തുന്നത്. രണ്ടും പെട്രോള്‍ എന്‍ജിനാണ്. 2.0 ലിറ്റര്‍ എന്‍.എ, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീവയാണ് ഇത്. 2.0 ലിറ്റര്‍ എന്‍ജിന്‍ 158 ബി.എച്ച്.പി. പവറും 187 എന്‍.എം. ടോര്‍ക്കും, 1.5 ലിറ്റര്‍ എന്‍ജിന്‍ 180 ബി.എച്ച്.പി. പവറും 240 എന്‍.എം. ടോര്‍ക്കുമേകും. സി.വി.ടി ഗിയര്‍ബോക്‌സായിരിക്കും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Honda Civic 11th Generation Model Unveiled