സെഡാനായ സിവിക്കിനെ ഇന്ത്യയില്‍ തിരികെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട. അടുത്തവര്‍ഷം ജനുവരിയോടെ മോഡല്‍ ഇങ്ങെത്തും. സിവിക്കിന്റെ പത്താം തലമുറയാണ് ഇനി വരാന്‍പോകുന്നത്. 

ഡല്‍ഹി ഓട്ടോ എക്‌സ്പോയില്‍ പുതിയ സിവിക്കിനെ അവതരിപ്പിച്ചിരുന്നു. അന്നേ വിപണി പ്രവചിച്ചു, സിവിക്കിന്റെ തിരിച്ചുവരവ് ഗംഭീരമാകുമെന്ന്. ഈ സാമ്പത്തികവര്‍ഷം ഹോണ്ട ഇന്ത്യക്കായി കരുതിയിട്ടുള്ള മൂന്നാമനാണ് സിവിക്. ഓട്ടോ എക്‌സ്പോയില്‍ പിറന്ന അമേസും ഏഴു സീറ്റര്‍ സി.ആര്‍.വി.യും വിപണിയിലെത്തിക്കഴിഞ്ഞു.

രാജ്യാന്തര വിപണിയില്‍ വില്‍പ്പനയിലുള്ള സിവിക് തന്നെ ഇവിടെയുമെത്തും. മുന്‍ തലമുറയെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും സിവിക്കില്‍ എന്തായാലും പ്രതീക്ഷിക്കാം.

രണ്ട് എന്‍ജിന്‍ പതിപ്പുകള്‍ ഹോണ്ട സിവിക്കില്‍ പ്രതീക്ഷിക്കാം. ഒന്ന്, 1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍ എന്‍ജിനും മറ്റൊന്ന് 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്‍ജിനും. പെട്രോള്‍ എന്‍ജിന് 138 ബി.എച്ച്.പി. കരുത്തും 176 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും രണ്ടിലുമുണ്ടായിരിക്കുക. 

Civic-3

7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയും ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവ പുതിയ സിവിക്കില്‍ പ്രതീക്ഷിക്കാം. 

കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നീവ പുതിയ സിവിക്കിന് സുരക്ഷ ഒരുക്കും.

Content Highlights: Honda Civic 10th Generation would be launching in India around January 2019