ഹോണ്ടയുടെ വാഹനങ്ങളില്‍ ഏറ്റവുമധികം തലമുറമാറ്റത്തിന് വിധേയമായ വാഹനം ഒരുപക്ഷേ സിറ്റി എന്ന പ്രീമിയം സെഡാന്‍ ആയിരിക്കും. ഒരോ തലമുറയിലും ആരാധകരുടെ എണ്ണം ഉയര്‍ത്തുന്ന ഈ വാഹനത്തിന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്ത മാസം നിരത്തിലെത്തിയേക്കും. 

ബിഎസ്-6 എന്‍ജിനിലെത്തുന്ന ഈ വാഹനത്തിനുള്ള ബുക്കിങ്ങ് ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഡിസംബറിന്റെ തുടക്കത്തില്‍ തന്നെ ബുക്കുചെയ്ത വാഹനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കാന്‍ സാധിക്കുമെന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്. 

ബിഎസ്-6 എന്‍ജിനിലേക്ക് മാറിയെന്നതാണ് പ്രധാനമാറ്റം. 1.5 ലിറ്റര്‍ എസ്ഒഎച്ച്‌സി ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. 119 പിഎസ് പവറും 145 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 

എന്നാല്‍, ഡീസല്‍ എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നില്ലെന്നാണ് അഭ്യൂഹങ്ങള്‍. ഇത് ശരിയാണെങ്കില്‍ ഈ തലമുറയിലെ ഹോണ്ട സിറ്റിക്ക് ഡീസല്‍ പതിപ്പുണ്ടാവില്ല. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഹോണ്ട പുറത്തുവിട്ടിട്ടില്ല. 

പതിവ് പോലെ തലമുറ മാറ്റം ലുക്കിലും സൗകര്യത്തിലും പ്രതിഫലിക്കുന്നുണ്ട്. ഡിആര്‍എല്‍ നല്‍കിയിട്ടുള്ള പുതിയ ഹെഡ്‌ലാമ്പ് വലിയ ഗ്രില്ല്, പുതിയ ബമ്പര്‍, വലിപ്പം കൂടിയ ഹോണ്ട ലോഗോ എന്നിവ എക്സ്റ്റീരിയറിന് മാറ്റം ഒരുക്കുന്നു.

കണക്ടഡ് കാര്‍ സൊലൂഷന്‍സ്, ആന്‍ഡ്രോയ്ഡ് ഒട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം തുടങ്ങിയ ഫീച്ചറുകള്‍ ഇന്റീരിയറിലും ഒരുക്കിയിട്ടുണ്ട്.

Source: Autocarindia

Content Highlights: Honda City Upgrade With BS6 Engine; Booking Open