2021-ല്‍ ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരു ഹൈബ്രിഡ് വാഹനം ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഉറപ്പുനല്‍കിയിട്ടുണ്ട്. ഏത് വാഹനമായിരിക്കും എന്നതില്‍ ഹോണ്ട സര്‍പ്രൈസ് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇത് ഹോണ്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പായിരിക്കുമെന്നാണ് വാഹന പ്രേമികളുടെ പ്രവചനം.

സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഹോണ്ട മുമ്പുതന്നെ തായ്‌ലാന്‍ഡില്‍ എത്തിച്ചിരുന്നു. ഈ വാഹനമായിരിക്കും അടുത്ത ഉത്സവ സീസണില്‍ ഹോണ്ട ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഒരുക്കുന്ന സമ്മാനമെന്നാണ് വിവരം. റെഗുലര്‍ സിറ്റിക്ക് മുകളില്‍ സ്ഥാനം പിടിക്കുന്ന ഹൈബ്രിഡ് മോഡലിന് ഏകദേശം 15 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. 

പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡ് സംവിധാനത്തിലായിരിക്കും ഈ വാഹനം ഒരുങ്ങുക. 98 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 109 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും ചേര്‍ന്നതായിരിക്കും ഈ വാഹനത്തിലെ ഹൈബ്രിഡ് യൂണിറ്റ്. ആഗോള വിപണിയില്‍ എത്തിയിട്ടുള്ള ജാസില്‍ ഈ യൂണിറ്റാണ് പ്രവര്‍ത്തിക്കുന്നത്. 

ഇലക്ട്രിക് ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എന്‍ജിന്‍ ഡ്രൈവ് എന്നീ മൂന്ന് ഡ്രൈവ് മോഡുകളിലായിരിക്കും ഈ വാഹനത്തില്‍ നല്‍കുക. ഇലക്ട്രിക് മോഡില്‍ പൂര്‍ണമായും ഇലക്ട്രിക് കരുത്തിലായിരിക്കും പ്രവര്‍ത്തനം. ഹൈബ്രിഡ് മോഡില്‍ പെട്രോള്‍-ഇലക്ട്രിക് കരുത്തില്‍ പ്രവര്‍ത്തിക്കും. എന്‍ജിന്‍ മോഡലില്‍ പൂര്‍ണമായും പെട്രോള്‍ എന്‍ജിന്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുന്നത്. 

വാഹനത്തിന്റെ സ്റ്റൈലിലും ഫീച്ചറുകളിലും നിലവില്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള അഞ്ചാം തലമുറ മോഡലുകള്‍ക്ക് സമമായിരിക്കും. ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കുന്നതോടെ ഏകദേശം 27 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ള സിറ്റി ആര്‍.എസിലെയും ഏതാനും ഫീച്ചറുകള്‍ ഈ വാഹനത്തില്‍ കടമെടുക്കും. 

Source: Autocar India

Content Highlighst: Honda City Hybrid Engine Model Might Be Launch In Mid Of 2021