ഹോണ്ട സിറ്റി ഇത്തവണ എല്ലാ രീതിയിലും കരുത്തനായാണ് എത്തിയിരിക്കുന്നത്. ആസിയാന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റിലൂടെ ഇക്കാര്യം ഒരിക്കല്‍ കൂടി അടിവരയിട്ടിരിക്കുകയാണ്. വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഈ പരീക്ഷണത്തില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങാണ് ഹോണ്ടയുടെ ഈ പുതുതലമുറ സിറ്റി സ്വന്തമാക്കിയിരിക്കുന്നത്.
86.54 പോയന്റ് നേടിയാണ് ആസിയാന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ സിറ്റി കരുത്തുതെളിയിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 44.83 പോയന്റും കുട്ടികളുടെ സുരക്ഷയില്‍ 22.82 പോയന്റും കാറിലെ സുരക്ഷ സന്നാഹങ്ങളുടെ കാര്യത്തില്‍ 18.89 പോയന്റുമാണ് ഈ പുത്തന്‍ സെഡാന് സ്വന്തമാക്കിയിരിക്കുന്നത്.
പുതുതലമുറ സിറ്റിയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി നാല് എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഇലക്ട്രോണിക്സ് സ്റ്റെബിലിറ്റി കണ്ട്രോള് തുടങ്ങിയ സംവിധാനങ്ങള്‍ എല്ലാ വേരിയന്റിലും ഒരുക്കിയിട്ടുണ്ട്. എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ ടെക്നോളജിയും ഈ വാഹനത്തില്‍ പുതുതായി ഇടംപിടിച്ചിട്ടുണ്ട്.
2012-ലാണ് ഹോണ്ട സിറ്റി ആദ്യമായി ആസിയാന്‍ എന്‍-ക്യാപ് ക്രോഷ് ടെസ്റ്റിനെത്തുന്നത്. അന്ന് അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് നേടി മികച്ച സുരക്ഷ ഉറപ്പാക്കിയിരുന്നു. എന്നാല്‍, 2014-ല്‍ സിറ്റിയുടെ പുതിയ മോഡല്‍ എത്തിയതോടെ റേറ്റിങ്ങ് നാലായി കുറഞ്ഞിരുന്നു. എന്നാല്‍, ഇത്തവണ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് നേടി വീണ്ടും കരുത്തുതെളിയിച്ചിരിക്കുകയാണ്.
Content Highlights: Honda City Awarded Five Star Rating In ASEAN NCAP Crash Test