പുതുവര്‍ഷത്തില്‍ വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് മിക്ക കാര്‍ കമ്പനികളും. ഉത്പാദന ചെലവ്, അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയ കാരണങ്ങള്‍ വില കൂട്ടല്‍ അനിവാര്യമാക്കിയിരിക്കുകയാണെന്ന് കമ്പനികള്‍ പറയുന്നു.

ജനുവരി മുതലാണ് ഹോണ്ടയുടെ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുക. ഉത്പാദന ചെലവില്‍ നാലു ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും ഇതേതുടര്‍ന്നാണ് വില ഉയര്‍ത്തുന്നതെന്നും ഹോണ്ട അറിയിച്ചു.

നിലവില്‍ 4.73 ലക്ഷം രൂപ വിലയുള്ള ഹാച്ച്ബാക്ക് മോഡലായ ബ്രിയോ മുതല്‍ 43.21 ലക്ഷം രൂപ വിലയുള്ള ഹൈബ്രിഡ് മോഡല്‍ വരെ ഹോണ്ട ഇന്ത്യയിലെ വിപണിയില്‍ എത്തിക്കുന്നുണ്ട്.

ടാറ്റാ മോട്ടേഴ്സ്, ഫോര്‍ഡ് ഇന്ത്യ, നിസ്സാന്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ യാത്രാവാഹനങ്ങളുടെ വില ജനുവരിയില്‍ ഉയര്‍ത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിസ്സാന്‍ നാല് ശതമാനവും ഫോര്‍ഡ് 2.5 ശതമാനവും ടാറ്റാ മോട്ടോഴ്സ് 40,000 രൂപ വരെയുമാണ് വിവിധ മോഡലുകളുടെ വില കൂട്ടുന്നത്.

മാരുതി സുസുകി, ടൊയോട്ട കിര്‍ലോസ്‌കര്‍, ബി.എം.ഡബ്ല്യു., റെനോ, ഇസൂസ് എന്നീ കമ്പനികളും പുതുവര്‍ഷത്തില്‍ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിലവര്‍ധന എത്രത്തോളമായിരിക്കുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല.

Content Highlights: Honda Cars to increase vehicle prices from Jan