ന്ത്യന്‍ വിപണിയിലെ വില്‍പ്പനയില്‍ നേട്ടം തുടര്‍ന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. കഴിഞ്ഞ മാസം 14,223 കാറുകളാണ് ഹോണ്ട ഇന്ത്യന്‍ നിരത്തിലെത്തിച്ചത്. ഇതിനൊപ്പം 440 ഹോണ്ട കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതിയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 14,234 കാറുകളാണ് ഹോണ്ട പുറത്തിറക്കിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള പാദത്തില്‍ വില്‍പ്പനയില്‍ മൂന്ന് ശതമാനം വളര്‍ച്ചയാണ് ഹോണ്ട രേഖപ്പെടുത്തിയത്. 1,08,652 വാഹനങ്ങളാണ് ഈ പാദത്തില്‍ ഹോണ്ടയുടെ മൊത്തവില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇത് 1,05,503 എണ്ണമായിരുന്നു.

കമ്പനിക്ക് വില്‍പ്പന നേട്ടം സമ്മാനിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് ഹോണ്ട അടുത്തിടെ പുറത്തിറക്കിയ രണ്ടാം തലമുറ അമേസാണ്. ഉത്സവ സീസണില്‍ കൂടുതല്‍ അമേസ് നിരത്തിലെത്തിയത് വില്‍പ്പന കുതിപ്പ് തുടരാന്‍ സാഹായിച്ചു. പുറത്തിറക്കി അഞ്ച് മാസത്തിനുള്ളില്‍ 50,000 അമേസ് നിരത്തിലെത്തിയിട്ടുണ്ട്.

അമേസിന്റെ പ്രകടനം തുടര്‍ന്നതിന് പുറമെ, കഴിഞ്ഞ മാസം പുതിയ സിആര്‍-വി നിരത്തിലെത്തിച്ചത് ജനങ്ങളെ ഹോണ്ടയുമായി കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. അത് ഒക്ടോബറിലെ വില്‍പ്പനയില്‍ പ്രതിഫലിച്ചെന്നും ഹോണ്ട ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.