കൊറോണ ലോക്ക്ഡൗണ്‍ ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആഘാതത്തില്‍നിന്നു കരകയറുന്നതിനായി ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെല്ലാം തന്നെ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് തിരിയുകയാണ്. ടാറ്റ മുതല്‍ ഹ്യുണ്ടായി വരെയുള്ള വാഹന നിര്‍മാതാക്കള്‍ക്ക് പിന്നാലെ ഹോണ്ട ഇന്ത്യയും ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നു. 

ഹോണ്ടയുടെ കോര്‍പ്പറേറ്റ് വെബ്‌സൈറ്റായ www.hondacarindia.com/honda-from-home-ലൂടെ 'ഹോണ്ട ഫ്രം ഹോം' ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വാഹനം വാങ്ങുന്നതിന് ഉപയോക്താക്കള്‍ ഷോറൂം സന്ദര്‍ശിക്കാതെ തന്നെ വാഹനം വീട്ടിലെത്തിക്കുന്നതിനാണ് ഈ സംവിധാനം. ബുക്കിങ്ങ് മുതല്‍ പണമടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കുള്ള സംവിധാനം ഇതിലൊരുക്കിയിട്ടുണ്ട്.

വെബ്‌സൈറ്റില്‍ കയറിയാല്‍ തന്നെ ഉപയോക്താവിന്റെ സ്ഥാലവും ഇഷ്ടപ്പെട്ട ഡീലര്‍ഷിപ്പും തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇതിനുശേഷം വാങ്ങാനുദേശിക്കുന്ന മോഡലും അത് സംബന്ധിച്ച വിവരങ്ങളും വിശദമായി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 24 മണിക്കൂര്‍ സേവനത്തിലൂടെ വളരെ ലളിതമായ നടപടികളിലൂടെയാണ് വാഹനം സ്വന്തമാക്കാനുള്ള അവസരം ഒരുക്കുന്നത്. 

ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ഹോണ്ടയുടെ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഒരുക്കുന്നതിനാണ് ഹോണ്ട ഫ്രം ഹോം എന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നതെന്നും ഇത് നടപടികള്‍ ലഘൂകരിക്കുമെന്നും ഹോണ്ട ഇന്ത്യ വൈസ് പ്രസിഡന്റ് സെയില്‍സ് ഡയറക്ടര്‍ രാജേഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. 

ഹോണ്ട കാര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലെത്തി ബുക്ക് നൗ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് വാങ്ങുന്നയാളുടെ വിവരം നല്‍കിയാല്‍ ആ പ്രദേശത്തെ ഡീലര്‍ഷിപ്പുകളുടെ വിവരങ്ങള്‍ ലഭ്യമാകും. തുടര്‍ന്ന് മോഡല്‍, വേരിയന്റ്, നിറം തുടങ്ങിയവ തിരഞ്ഞെടുത്ത് ബുക്കുചെയ്യാം. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴിയുള്ള പേമെന്റ് സംവിധാനത്തില്‍ പണമടച്ചാണ് വാഹനം ഉറപ്പാക്കുന്നത്.

Content Highlights: Honda Cars India Starts Honda From Home Online Sales Platform