ന്യൂഡല്‍ഹി: എയര്‍ബാഗ് തകരാറിനെ തുടര്‍ന്ന് ഹോണ്ട കാര്‍സ് ഇന്ത്യ 41,580 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. 2012ല്‍ നിര്‍മിച്ച ജാസ്, സിറ്റി, സിവിക്, അക്കോര്‍ഡ് എന്നീ മോഡലുകളാണ് ഹോണ്ട തിരിച്ചുവിളിച്ചിരിക്കുന്നത്.

ഹോണ്ട സിറ്റിയാണ് തിരിച്ചുവിളിച്ചിരിക്കുന്ന മോഡലുകളില്‍ ഭൂരിഭാഗവും. സിറ്റിയുടെ 32,456 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 7265 ജാസ്, 1200 സിവിക്, 659 അക്കോര്‍ഡ് എന്നിങ്ങനെയാണ് മറ്റു കാറുകളുടെ കണക്കുകള്‍.

ജാപ്പനീസ് കമ്പനിയായ തകാത്തയുടെ (Takata) എയര്‍ബാഗുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. തകാത്ത എയര്‍ബാഗുകളില്‍ തകരാര്‍ ലോകത്താകമാനം വിവിധ കമ്പനികളുടെ 70 ലക്ഷത്തിലേറെ വാഹനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഇന്‍ഫ്ളേറ്ററില്‍ ഉപയോഗിച്ച രാസവസ്തുവാണ് തകാത്ത കോര്‍പ്പറേഷന്റെ നിര്‍മാണത്തിലെ പിഴവിന് കാരണം. അമിത മര്‍ദത്തോടെ ഇത്തരം സാഹചര്യങ്ങളില്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചാല്‍ കാറിലെ ലോഹഭാഗങ്ങള്‍ ചിതറിത്തെറിച്ചുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.

എയര്‍ബാഗിലെ തകരാറിനെ തുടര്‍ന്ന് ഹോണ്ട കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. തിരിച്ചുവിളിച്ച വാഹനങ്ങളുടെ എയര്‍ബാഗുകള്‍ കമ്പനി സൗജന്യമായി മാറ്റിനല്‍കും.