ഹോണ്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ അക്കോഡ് കമ്പനി തിരിച്ചുവിളിക്കുന്നു. ഡ്രൈവര്‍ സൈഡ് എയര്‍ബാഗില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിക്കുന്നതായാണ് 3669 അക്കോഡുകള്‍ തിരികെ വിളിച്ചിട്ടുള്ളത്. 

2003 മുതല്‍ 2006 വരെയുള്ള കാലയളവില്‍ നിര്‍മിച്ച 3669 വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്. ഹോണ്ട ലോകത്തുടനീളം നടത്തുന്ന സര്‍വീസ് ക്യാംപയിന്റെ ഭാഗമായാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. 

ഏപ്രില്‍ 18 മുതല്‍ ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്ന് സൗജന്യമായി ഈ പ്രശ്‌നം പരിഹരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഹോണ്ട പ്രസ്താവനയില്‍ അറിയിച്ചു. 

ഹോണ്ടയുടെ കാറുകളിലെ എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2018 ജനുവരിയില്‍ 22,834 വാഹനങ്ങള്‍ കമ്പനി തിരിച്ച് വിളിച്ചിരുന്നു. 2013-ല്‍ നിര്‍മിച്ച ഹോണ്ട സിറ്റി, ജാസ് എന്നീ മോഡലുകളാണ് മുമ്പ് തിരിച്ചുവിളിച്ചത്.

Content Highlights: Honda Cars India Recalls 3,669 Units Of Accord