ഹോണ്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ സിവികിന്റെ പത്താം തലമുറ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. 31,000 രൂപ ഈടാക്കിയാണ്‌ ഹോണ്ടയുടെ ഡീലര്‍ഷിപ്പുകളില്‍ ബുക്കിങ് സ്വീകരിക്കുന്നത്. 

മാര്‍ച്ച് ഏഴിനാണ് സിവിക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയ പത്താംതലമുറ സിവിക് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് നിരത്തിലേക്ക് എത്തുന്നത്. 

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട വാഹനങ്ങളിലൊന്നെന്ന ഖ്യാതിയുള്ള സിവിക് ഓരോ വരവിലും വലിയ മാറ്റങ്ങളോടെയാണ് എത്തിയിട്ടുള്ളത്. നൂറില്‍ അധികം രാജ്യങ്ങളിലായി 25 മില്ല്യണ്‍ സിവിക് പുറത്തിറക്കിയിട്ടുണ്ടെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. 

Civic-3

പതിവ് പോലെ കാഴ്ചയില്‍ ഏറെ ആകര്‍ഷകമായാണ്‌ പത്താംതലമുറ സിവികും എത്തുന്നത്. മുന്‍വശത്തെ പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവയും പിന്‍ഭാഗത്തെ സി-ഷേപ്പ് എല്‍ഇഡി ടെയ്ല്‍ ലാമ്പ്, ക്യാറക്ടര്‍ ലൈനും സ്‌കിഡ് പ്ലേറ്റും നല്‍കിയിട്ടുള്ള ബമ്പര്‍ തുടങ്ങിയവയുമാണ് അലങ്കരിക്കുന്നത്. 

Civic-2

7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയും ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവ സിവികിലെ പുതുമയാണ്. എന്നാല്‍, ഇന്റീരിയറിന്റെ ഡിസൈനില്‍ കാര്യമായ മാറ്റംവരുത്തിയിട്ടില്ലെന്നാണ് സൂചന.

രണ്ട് എന്‍ജിന്‍ പതിപ്പുകള്‍ ഹോണ്ട സിവിക്കില്‍ പ്രതീക്ഷിക്കാം. ഒന്ന്, 1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍ എന്‍ജിനും മറ്റൊന്ന് 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്‍ജിനും. പെട്രോള്‍ എന്‍ജിന് 138 ബി.എച്ച്.പി. കരുത്തും 176 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും രണ്ടിലുമുണ്ടായിരിക്കുക.

Content Highlights: Honda Cars India Opens Pre-launch bookings for 10 th Generation Civic