ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മാതാക്കളായ ഹോണ്ട കാര്‍സ് വെര്‍ച്വല്‍ ഷോറൂം ആരംഭിച്ചു. ഉപയോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഹോണ്ടയുടെ മുഴുവന്‍ മോഡലും അടുത്തറിയാനുള്ള സംവിധാനമാണ് വെര്‍ച്വല്‍ ഷോറൂം എന്ന ആശയത്തിലൂടെ നടപ്പാക്കുന്നത്. 

ഒരോ മോഡലിന്റെയും 360 ഡിഗ്രി ദൃശ്യങ്ങളും വാഹനത്തിലെ ഫീച്ചറുകളും ഇതില്‍ ലഭ്യമാകും. ഹോണ്ടയുടെ ഷോറൂം സന്ദര്‍ശിച്ച് ലഭിക്കുന്ന വിവരങ്ങള്‍ക്ക് സമാനമായ അനുഭവമാണ് വെര്‍ച്വല്‍ ഷോറൂം സംവിധാനത്തിലും ഒരുക്കിയിരിക്കുന്നതെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. ഒന്നിലധികം വാഹനങ്ങളുടെ വിവരവും ഇതില്‍ ലഭിക്കും.

ഡിജിറ്റലൈസേഷന്‍ എല്ലാ മേഖലയിലും ശക്തമാകുന്നത് കണക്കിലെടുത്താണ് ഹോണ്ടയും ഇത്തരം ഒരു ആശയത്തിലേക്ക് എത്തുന്നത്. വാങ്ങാനുദേശിക്കുന്ന വാഹനത്തെ അടുത്തറിയാനും മറ്റുമായി പ്രത്യേകം സമയം മാറ്റിവയ്ക്കാതെ തന്നെ എല്ലാ വിവരങ്ങളും ലഭ്യമാക്കുകയാണ് വെര്‍ച്വല്‍ ഷോറൂം സംവിധാനമെന്ന് ഹോണ്ട ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടു. 

വാഹനങ്ങളുടെ ഇന്റീരിയറിനെയും എക്സ്റ്റീരിയറിനെയും അടുത്തറിയുന്നതിനായി പ്രത്യേകം വീഡിയോകളും ഒരുക്കുന്നുണ്ട്. ഓരോ വേരിയന്റുകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതിനും, പ്രത്യേകം ഫീച്ചറുകള്‍ ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നതിനുമുള്ള സാങ്കേതികവിദ്യയും വെര്‍ച്വല്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്നും ഹോണ്ട അറിയിച്ചു. 

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഹോണ്ട ഫ്രം ഹോം എന്ന പേരില്‍ ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്‌ഫോം ഹോണ്ട കാര്‍സ് ഒരുക്കിയിരുന്നു. ഇഷ്ടപ്പെട്ട മോഡല്‍ തിരഞ്ഞെടുക്കുന്നത് മുതല്‍ ഓണ്‍ലൈന്‍ പേമെന്റ് വരെ സാധ്യമാക്കുന്നതായിരുന്നു ഹോണ്ടയുടെ ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം.

Content Highlights; Honda Cars India introduces Virtual Showroom