ന്ത്യയിലെ ഉത്സവ സീസണ്‍ ഉപയോക്താക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിനായി ഹോണ്ട കാര്‍സ് നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, ഉത്സവം അല്‍പ്പം കളറാക്കുന്നതിനായി ഹോണ്ടയുടെ ജനപ്രിയ കോംപാക്ട് സെഡാന്‍ വാഹനമായ അമേസിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പും വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. 

അമേസിന്റെ എസ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി മാനുവല്‍-സിവിടി ഗിയര്‍ബോക്‌സിലെത്തുന്ന അമേസിന്റെ പെട്രോള്‍ മോഡലിന് ഏഴ് ലക്ഷം മുതല്‍ 7.90 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 8.30 ലക്ഷം മുതല്‍ 9.10 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. 

രൂപത്തില്‍ മാറ്റം വരുത്താതെ എക്സ്റ്റീരിയറില്‍ ഗ്രാഫിക്‌സുകളും സ്‌പെഷ്യല്‍ എഡിഷന്‍ ബാഡ്ജിങ്ങും നല്‍കിയാണ് അമേസിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിക്കുന്നത്. അതേസമയം, ഇന്റീരിയറില്‍ ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മികച്ച സീറ്റ് കവറും സ്ലൈഡ് ചെയ്യാന്‍ സാധിക്കുന്ന ആംറെസ്റ്റുമാണ് നല്‍കിയിട്ടുള്ളത്. 

ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് അമേസ് എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 90 എച്ച്പി പവറും 110 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 100 എച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

അമേസിന്റെ ഏറ്റവുമധികം വിറ്റഴിക്കുന്നത് എസ് വകഭേദമാണ്. അതുകൊണ്ടാണ് ഈ വേരിയന്റിനെ അടിസ്ഥാനമാക്കി സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് ഒരുക്കിയതെന്നാണ് ഹോണ്ട അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ, ഫോര്‍ഡ് ആസ്പയര്‍ തുടങ്ങിയവയാണ് അമേസിന്റെ പ്രധാന എതിരാളികള്‍.

Content Highlights; Honda Cars India Introduce Special Edition Amaze Ahead Of Festival Season