ന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് വിപണിയില്‍ എത്തിച്ചിട്ടുള്ള കോംപാക്ട് സെഡാന്‍ വാഹനമായ അമേസിന്റെ മുഖം മിനുക്കിയ പതിപ്പ് അവതരിപ്പിച്ചു. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 6.32 ലക്ഷം രൂപ മുതല്‍ 9.05 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 8.66 ലക്ഷം രൂപ മുതല്‍ 11.15 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. 

പ്രീമിയം ഇന്റീരിയറും മികച്ച സ്റ്റൈലിങ്ങുമായാണ് അമേസിന്റെ പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് ഹോണ്ടയ്ക്ക് 4.5 ലക്ഷം ഉപയോക്താക്കളെ അധികമായി നേടി നല്‍കിയ മോഡലാണ് അമേസ്. അതിനാല്‍ തന്നെ ഈ വാഹനത്തിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നാണ് അമേസിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ച് കമ്പനിയുടെ മേധാവി അഭിപ്രായപ്പെട്ടിട്ടുള്ളത്. 

പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം മാനുവല്‍, സി.വി.ടി. ട്രാന്‍സ്മിഷനുകളില്‍ എത്തുന്നതും അമേസ് നിരയിലേക്ക് മെറ്റീരിയോയ്ഡ് ഗ്രേ മെറ്റാലിക് എന്ന പുതിയ നിറം കൂടി എത്തിയതും ഈ വരവിലെ പ്രധാന പുതുമയാണ്. മുന്‍ മോഡലില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ലുക്കിന് പുറമെ, ഫീച്ചറുകളിലും ന്യൂജനറേഷന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്നാണ് ഹോണ്ട അറിയിച്ചിരുന്നത്. 

Honda Amaze
ഹോണ്ട അമേസ് | Photo: Honda Cars India

ക്രോമിയം സ്ട്രിപ്പുകള്‍ നല്‍കി പുതുമയോടെ ഒരുക്കിയിട്ടുള്ള ഗ്രില്ല്, വീതി കുറഞ്ഞതും എല്‍.ഇ.ഡിയില്‍ തീര്‍ത്തിട്ടുള്ളതുമായ പ്രൊജക്ഷന്‍ ഹെഡ്ലാമ്പും ഡി.ആര്‍.എല്ലും, സിറ്റിയുമായി സാമ്യം പുലര്‍ത്തുന്ന ബമ്പര്‍, ക്ലാഡിങ്ങിന്റെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഫോഗ്ലാമ്പ് എന്നിവയാണ് അമേസിന്റെ മുഖഭാവത്തിന് പുതുമ നല്‍കുന്നത്. ഹെഡ്‌ലാമ്പിന്റെയും ഗ്രില്ലിന്റെയും ഡിസൈനാണ് അമേസിന്റെ മുഖഭാവത്തിന് പുതുമ നല്‍കുന്നത്. 

അകത്തളത്തിന്റെ മോടി കൂട്ടിയാണ് ഇത്തവണ അമേസ് എത്തിയിട്ടുള്ളത്. എ.സി. വെന്റ്, സ്റ്റിയറിങ്ങ് വീല്‍, എ.സി. നോബ്, ഡോര്‍ ട്രിം എന്നിവിടങ്ങളില്‍ സില്‍വര്‍ ആവരണം നല്‍കിയിട്ടുള്ളതാണ് ഇന്റീരിയറിലെ പ്രധാന അലങ്കാരം. പ്രീമിയം സീറ്റുകള്‍ക്കൊപ്പം പുതിയ സ്റ്റിച്ചിങ്ങ് പാറ്റേണും ഇതില്‍ ഒരുക്കിയിട്ടുണ്ട്. കണക്ടിവിറ്റി സംവിധാനങ്ങളുള്ള 17.7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്. സുരക്ഷ കാര്യക്ഷമമാക്കുന്ന ഫീച്ചറുകളും അകത്തളത്തിന്റെ പ്രത്യേകതയാണ്.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുക. പെട്രോള്‍ എന്‍ജിന്‍ 90 പി.എസ്. പവറും 110 എന്‍.എം.ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 100 പി.എസ്. പവറും 200 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ സി.വി.ടി ട്രാന്‍സ്മിഷന്‍ മോഡല്‍ 80 പി.എസ്. പവറും 160 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം മാനുവല്‍. സി.വി.ടി. ട്രാന്‍സ്മിഷനുകള്‍ നല്‍കുന്നുണ്ട്.

Content Highlights: Honda Cars India drives in New Honda Amaze ahead of festive season