ഹോണ്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ സിറ്റിയുടെ അഞ്ചാം തലമുറ മോഡല്‍ നിരത്തുകളില്‍ നിലയുറപ്പിച്ച് കഴിഞ്ഞു. എന്നാല്‍, പുതുതലമുറ മോഡലിനൊപ്പം നാലാം തലമുറയിലെ സിറ്റിയേയും വിപണിയില്‍ നിലനിര്‍ത്താനാണ് ഹോണ്ടയുടെ തീരുമാനം. പെട്രോള്‍ എന്‍ജിന്‍ രണ്ട് വകഭേദങ്ങള്‍ മാത്രമായിരിക്കും നാലാം തലമുറ സിറ്റി വിപണിയില്‍ തുടരുക.

നാലാം തലമുറയുടെ എസ്.വി, വി വേരിയന്റുകളാണ് നിരത്തുകളില്‍ തുടരുന്നത്. ഇതിലെ എസ്.വി വേരിന്റിന് 9.29 ലക്ഷം രൂപയും വി വേരിയന്റിന് 9.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. അഞ്ചാം തലമുറ എത്തുന്നതിന് മുമ്പ് യഥാക്രമം 9.91 ലക്ഷം രൂപയും 10.66 ലക്ഷം രൂപയുമായിരുന്നു ഈ വേരിയന്റുകളുടെ വില. 66,000 രൂപയുടെ വില കുറവാണ് ഒരുക്കിയിട്ടുള്ളത്. 

നാലാം തലമുറ സിറ്റിയും ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബിഎസ്-6 എന്‍ജിനിലേക്ക് മാറിയിരുന്നു. 119 പിഎസ് പവറും 145 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് നാലാം തലമുറ മോഡലിന് കരുത്തേകുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഈ മോഡല്‍ വിപണിയിലുള്ളത്. 

ഫീച്ചര്‍ സമ്പന്നമായ മോഡല്‍ തന്നെയായിരുന്നു നാലാം തലമുറ സിറ്റിയും. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍നിര എസി വെന്റ്, കീ-ലെസ് എന്‍ട്രി, ടേണ്‍ ഇന്റിക്കേറ്റര്‍ നല്‍കിയുള്ള റിയര്‍വ്യൂ മിറര്‍, 15 ഇഞ്ച് അലോയി വീല്‍, ഡ്യുവല്‍ എയര്‍ബാഗ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ മോഡലുകളിലുമുണ്ട്.

അതേസമയം, സിറ്റി അഞ്ചാം തലമുറയിലേക്ക് എത്തിയതോടെ കണക്ടഡ് കാര്‍ ആകുകയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, യുറോ സ്റ്റിച്ചിങ്ങ് നല്‍കിയുള്ള സ്റ്റിയറിങ്ങ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ലെതര്‍ ആവരണമുള്ള സീറ്റുകള്‍, വുഡന്‍ പാനലിങ്ങ് നല്‍കിയുള്ള സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ്, ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, 16 ഇഞ്ച് അലോയി വീല്‍ തുടങ്ങിയവ സ്ഥാനം പിടിച്ചിട്ടുണ്ട്. 

ഇതിനുപുറമെ, 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് അഞ്ചാം തലമുറ സിറ്റി എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ മോഡലിന്റെ കരുത്ത് 121 പിഎസ് ആയി ഉയരുകയും ചെയ്തിട്ടുണ്ട്. പെട്രോള്‍ എന്‍ജിന്‍ മോഡലിനൊപ്പം ആറ് സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുകളും ഡീസല്‍ എന്‍ജിന്‍ മോഡലിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമാണ് നല്‍കിയിട്ടുള്ളത്.

Content Highlights: Honda Cars announces continuation of 4h Generation Honda City with realigned variant line up