ന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍ ഇന്ത്യയിലെത്തിച്ചിട്ടുള്ള കോംപാക്ട് സെഡാന്‍ വാഹനമായ അമേസിന്റെ പുതിയ പതിപ്പിന്റെ അവതരണത്തിനുള്ള സമയം കുറിച്ചു. മുന്‍ മോഡലില്‍ നിന്ന് ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയെത്തുന്ന പുതിയ അമേസ് ഓഗസ്റ്റ് 18-ന് അവതരിപ്പിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. വില ഉള്‍പ്പെടെയുള്ള വിവങ്ങള്‍ 18-ന് പ്രഖ്യാപിക്കും.

ആകര്‍ഷകമായ പുതിയ രൂപവും ശ്രദ്ധേയമായ എക്സ്റ്റീരിയര്‍ പുതുമകളും മുന്‍മോഡലിനെക്കാള്‍ മെച്ചപ്പെടുത്തിയ ഇന്റീരിയറുമായാണ് പുതിയ അമേസ് എത്തിക്കുന്നതെന്ന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നു. അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങും ഹോണ്ട ആരംഭിച്ചു. 21,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. 

2013-ലാണ് ഹോണ്ട അമേസ് എന്ന വാഹനം ഇന്ത്യയില്‍ എത്തുന്നത്. മികച്ച സ്വീകാര്യത സ്വന്തമാക്കിയ ഈ മോഡലിന്റെ രണ്ടാം തലമുറ 2018-ല്‍ അവതരിപ്പിച്ചു. 4.5 ലക്ഷം ഉപയോക്താക്കളാണ് ഇതുവരെ അമേസ് സ്വന്തമാക്കിയിട്ടുള്ളതെന്നാണ് വിവരം. ഹോണ്ടയുടെ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനങ്ങളില്‍ രണ്ടാം സ്ഥാനത്ത് അമേസ് എന്ന സെഡാന്‍ വാഹനമാണെന്നും ഹോണ്ട അഭിപ്രായപ്പെട്ടു.

ഇത്തവണത്തെ മുഖംമിനുക്കലില്‍ എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, പുതിയ ഗ്രില്ല്, രൂപമാറ്റം വരുത്തിയ ബമ്പര്‍, പുതിയ ഡിസൈനില്‍ ഒരുങ്ങുന്ന അലോയി വീല്‍, റിയര്‍ പ്രൊഫൈലില്‍ വരുത്തുന്ന അഴിച്ചുപണികള്‍ എന്നിവ പുറംമോടിയിലും, കണക്ടഡ് കാര്‍ സാങ്കേതികവിദ്യയിലുള്ള പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിസൈന്‍ മാറ്റമുള്ള ഡാഷ്ബോര്‍ഡ് എന്നിവ അകത്തളത്തിലും മാറ്റമൊരുക്കും.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുക. പെട്രോള്‍ എന്‍ജിന്‍ 89 ബി.എച്ച്.പി. പവറും 110 എന്‍.എം.ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 99 ബി.എച്ച്.പി. പവറും 200 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക്കും ഡീസല്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Honda Cars Announce The Launch Date Of Amaze Facelift Model