ഹോണ്ട പുറത്തുവിട്ട ടീസർ ചിത്രം | Photo: Honda
ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്റ് വിത്താര തുടങ്ങിയ കരുത്തന്‍ വാഹനങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന മിഡ് സൈസ് എസ്.യു.വി. ശ്രേണിയില്‍ ഒരു മത്സരത്തിനൊരുങ്ങുകയാണ് ഹോണ്ട. മുമ്പ് തന്നെ പ്രഖ്യാപിച്ച ഈ വാഹനത്തിന്റെ പേര് ഹോണ്ട എലിവേറ്റ് എന്നായിരിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഈ വാഹനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ ആറിന് നടക്കുന്ന ആഗോള അവതരണത്തില്‍ വെളിപ്പെടുത്തുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്.
ആഗോള വിപണികള്‍ക്കായി നിര്‍മിച്ചിട്ടുള്ള എസ്.യു.വി. ആണെങ്കിലും ഈ വാഹനത്തിന്റെ ആദ്യ വിപണി ഇന്ത്യ ആയിരിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന. ഇന്ത്യന്‍ വിപണികളിലേക്ക് ഉള്ളതും വിദേശ രാജ്യങ്ങളില്‍ എത്തിക്കേണ്ടതുമായ എലിവേറ്റ് എസ്.യു.വികള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് ഹോണ്ട തയാറെടുക്കുന്നത്. പ്രതിമാസം 8000 എലിവേറ്റ് എസ്.യു.വികള്‍ നിര്‍മിക്കാനുള്ള പദ്ധതികളാണ് നിര്‍മാതാക്കള്‍ ഒരുക്കുന്നതെന്നാണ് സൂചനകള്‍.
ഇന്‍ഡോനീഷ്യയില്‍ എത്തിയ പുതുതലമുറ ഡബ്ല്യു.ആര്‍.വി, സി.ആര്‍.വി, ബി.ആര്‍.വി. തുടങ്ങിയ വാഹനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലായിരിക്കും ഈ എസ്.യു.വി. ഒരുങ്ങുക. വലിയ ഹെക്സഗൊണല്‍ ഗ്രില്ല്, റാപ്പ് എറൗണ്ട് ഹെഡ്ലാമ്പുകള്‍, ക്യാറക്ടര്‍ ലൈനുകള്‍ നല്‍കിയുള്ള വശങ്ങള്‍, ആകര്‍ഷകമായ റിയര്‍ പ്രൊഫൈല്‍ എന്നിവ ഇതില്‍ പ്രതീക്ഷിക്കാം. എസ്.യു.വിയുടെ ആവശ്യ ഉയരുന്നത് കണക്കിലെടുത്താണ് ഹോണ്ടയുടെ ഈ ഉദ്യമമെന്നാണ് വിലയിരുത്തല്‍.
ഫീച്ചര്‍ സമ്പന്നമായിരിക്കും എലിവേറ്റിന്റെ അകത്തളം. ഹോണ്ടയുടെ പുതുതലമുറ സിറ്റിയില്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഫീച്ചറുകളായിരിക്കും ഇതില്‍ നല്‍കുക. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.2 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവ ഈ വാഹനത്തിലും ഉള്‍പ്പെടുത്തും. ഇതിനൊപ്പം എസ്.യു.വി. ഭാവം നല്‍കുന്നതിനുള്ള ഫീച്ചറുകള്‍ക്കൊപ്പം കാര്യക്ഷമമായ സ്റ്റോറേജ് സംവിധാനങ്ങളും ഈ വാഹനത്തെ ആകര്‍ഷകമാക്കും.
മെക്കാനിക്കല്‍ സംവിധാനങ്ങളില്‍ ഹൈറൈഡറിനോടും ഗ്രാന്റ് വിത്താരയോടുമായിരിക്കും ഹോണ്ടയുടെ എസ്.യു.വി ഏറ്റുമുട്ടുക. അഞ്ചാം തലമുറ സിറ്റിയില്‍ നല്‍കിയിട്ടുള്ള 121 ബി.എച്ച്.പി. പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, 1.5 പെട്രോള്‍ എന്‍ജിനൊപ്പം സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനവും ഇതില്‍ ഒരുങ്ങും. റെഗുലര്‍ പതിപ്പില്‍ അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി. എന്നീ ഗിയര്‍ബോക്സുകള്‍ ട്രാന്‍സ്മിഷന്‍ നല്‍കുമ്പോള്‍ ഇ-ഡ്രൈവ് ട്രാന്‍സ്മിഷന്‍ ആയിരിക്കും ഹൈബ്രിഡില്‍ നല്‍കുക.
Content Highlights: Honda announces name of its upcoming All New SUV as “Honda Elevate”
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..