രമ്പരാഗത ഇന്ധനങ്ങളെ കൈവിട്ട് ഇലക്ട്രിക് കരുത്തിന്റെ കൈപിടിക്കാനുള്ള നീക്കത്തില്ലാണ് ലോകത്തുടനീളമുള്ള വാഹന നിര്‍മാതാക്കളെല്ലാം. പല മുന്‍നിര കമ്പനികളും പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുന്നതിനുള്ള സമയവും കുറിച്ച് കഴിഞ്ഞു. ഈ നിരയിലേക്ക് ലോകത്തിലെ തന്നെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഹോണ്ടയും എത്തുകയാണ്. 2040-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി മാറാനാണ് ഹോണ്ട കാര്‍സ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ മേധാവി പ്രഖ്യാപിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, ഫ്യുവല്‍ സെല്‍ വാഹനങ്ങളും ഹോണ്ട വിപണിയില്‍ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിരത്തുകളെ കാര്‍ബണ്‍ മുക്തമാക്കുകയെന്നത് വാഹന നിര്‍മാതാക്കളുടെ ഉത്തരവാദിത്വമായാണ് കാണുന്നത്. അതിനാല്‍ തന്നെ മലിനീകരണം കുറഞ്ഞ വാഹനം എത്തിക്കാന്‍ ശ്രമിക്കുമെന്നും ഹോണ്ട മോട്ടോര്‍ കമ്പനി സി.ഇ.ഒ. തോഷിഹിറോ മിബെ അറിയിച്ചു. അദ്ദേഹം ഹോണ്ടയുടെ തലപ്പത്ത് എത്തിയതിന് ശേഷമുള്ള ആദ്യ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അറിയിച്ചത്. 

2030-ഓടെ ഹോണ്ട പുറത്തിറക്കുന്ന വാഹനങ്ങളിള്‍ 40 ശതമാനം ഇലക്ട്രിക്, ഫ്യുവല്‍ സെല്‍ കരുത്തിലുള്ളവയായിരിക്കും. 2035-ഓടെ ഇത് 80 ശതമാനമായി ഉയര്‍ത്തും. 2040-ല്‍ പൂര്‍ണമായും ഇലക്ട്രിക്-ഫ്യുവല്‍ സെല്‍ വാഹനങ്ങളിലേക്ക് മാറുമെന്നാണ് ഹോണ്ട ഉറപ്പുനല്‍കുന്നത്. ഹോണ്ട മോട്ടോര്‍ കമ്പനിക്ക് ഏറെ സ്വാധീനമുള്ള ചൈന, നോര്‍ത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുള്‍പ്പെടെ ഇത് നടപ്പാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

2030-ഓടെ 46 ശതമാനം കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന ജാപ്പനീസ് പ്രധാന മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹോണ്ടയുടെ ഇലക്ട്രിക് നയം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഒരുപരിധി വരെ അപ്രായോഗികമാണ്. എന്നാല്‍, 2050-ഓടെ രാജ്യം കാര്‍ബണ്‍ മുക്തമാക്കുക എന്ന ലക്ഷ്യത്തിനായി പ്രധാനമന്ത്രിയുടെ തീരുമാനത്തിന് ഹോണ്ടയുടെ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് കമ്പനി മേധാവി അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെയും ഓട്ടോണമസ് സാങ്കേതികവിദ്യയുടെയും പരീക്ഷണങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മിബെ ഹോണ്ടയുടെ തലപ്പത്ത് എത്തുന്നത്. പരമ്പരാഗത എന്‍ജിനുകള്‍ക്ക് പേരുകേട്ട ഹോണ്ട കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ 46.3 ബില്ല്യണ്‍ ഡോളിര്‍ നിക്ഷേപിക്കുമെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്.

Source: 

Content Highlights: Honda Announce Full Electric Cars In 2040