വിപണിയിലെത്തി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മികച്ച വില്‍പ്പന കൈവരിച്ച മോഡലാണ്‌ പുതുതലമുറ ഹോണ്ട അമേസ്. ജൂലായില്‍ പതിനായിരത്തിലേറെ അമേസ് വിറ്റഴിക്കാനും ഹോണ്ടയ്ക്ക് സാധിച്ചു. വില്‍പ്പന ഇനിയും വര്‍ധിപ്പിക്കാന്‍ അമേസ് ഡീസല്‍ ടോപ്‌ സ്‌പെക്ക് VX-ലും സിവിടി ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി E, S, V, VX എന്നീ നാലു വകഭേദങ്ങളുണ്ട് അമേസിന്. ഇതില്‍ മിഡ് ലെവല്‍ S, V വകഭേദങ്ങളില്‍ മാത്രമാണ് നിലവില്‍ സിവിടി ഗിയര്‍ബോക്‌സുള്ളത്. ഇക്കൂട്ടത്തിലേക്കാണ് ഡീസല്‍ ടോപ് സ്‌പെക്കിലും CVT ഓട്ടോമാറ്റിക് ഓപ്ഷന്‍ ഉള്‍പ്പെടുത്താന്‍ കമ്പനി ഒരുങ്ങുന്നത്. 

ഹോണ്ട കാറുകളില്‍ അത്യധികം സുരക്ഷയും കംഫോര്‍ട്ട് ഡ്രൈവിങ്ങും വാഗ്ദാനം ചെയ്യുന്ന മോഡലാണ് അമേസ് ഡീസല്‍ VX. ആന്‍ഡ്രോയിഡ്‌ ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുടെ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി നിരവധി നൂതന സംവിധാനങ്ങള്‍ ടോപ് സ്‌പെക്കിലുണ്ട്. 

99 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 89 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് രണ്ടാം തലമുറ അമേസിന് കരുത്തേകുന്നത്‌. സിവിടിക്ക് പുറമേ 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

amaze

Content Highlights; Honda Amaze to get CVT on top-spec diesel trim