ഗൂഗിളില്‍ ആളുകള്‍ നടത്തിയ തിരച്ചിലുകളുടെ പട്ടിക വര്‍ഷാവസാനം പുറത്തുവിടുന്ന ഒരു കീഴ്‌വഴക്കമുണ്ട്. ഇത്തരത്തില്‍ 2018-ല്‍ ആളുകള്‍ തിരഞ്ഞ വാഹനങ്ങളുടെ പട്ടികയും ഗൂഗിള്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ പട്ടികയിലെ ആദ്യ പത്ത് വാഹനങ്ങളില്‍ സാന്‍ട്രോയും ആള്‍ട്ടുറാസും ഇടംനേടിയിട്ടുണ്ട്. 

ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെയിരിക്കുന്നത് ഹോണ്ടയില്‍ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ രണ്ടാം തലമുറ അമേസാണ്. ഇതിനൊപ്പം തന്നെ ടാറ്റയില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന ഹാരിയറിനെയും നിരവധിയാളുകള്‍ ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ട്. 

1, ഹോണ്ട അമേസ്

IMG_8910.jpg

വില്‍പ്പനയില്‍ ഏറെ നേട്ടമുണ്ടാക്കിയ വാഹനമാണ് ഹോണ്ടയുടെ രണ്ടാംതലമുറ അമേസ്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉള്‍പ്പെടെയാണ് രണ്ടാം തലമുറ അമേസ് എത്തിയത്. 5.80 മുതല്‍ 9.10 ലക്ഷം വരെയാണ് അമേസിന്റെ ഷോറൂം വില.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ അമേസിലുമുള്ളത്. ആദ്യ തലമുറയില്‍ പെട്രോള്‍ എന്‍ജിനിലുണ്ടായിരുന്ന CVT ഗിയര്‍ബോക്സ് രണ്ടാം വരവില്‍ ഡീസല്‍ പതിപ്പിലും ഉള്‍പ്പെടുത്തിയിരുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് മാനുവല്‍ മോഡലിലുള്ളത്. 

2, മഹീന്ദ്ര മരാസോ

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര പുറത്തിറക്കിയ മരാസോയെയാണ് രണ്ടാമത് ഏറ്റവുമധികം ആളുകള്‍ തിരഞ്ഞത്. എംപിവി ശ്രേണിയില്‍ എത്തിയ ഈ വാഹനം വിപണിയില്‍ മികച്ച പ്രതിഫലനമാണ് ഉണ്ടാക്കിയത്. 9.99 ലക്ഷം മുതല്‍ 13.90 ലക്ഷം രൂപ വരെയാണ് മരാസോയുടെ ഷോറൂം വില.

1.5 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനിലാണ് മരാസോ നിരത്തിലെത്തുന്നത്. 1492 സിസിയില്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് മരാസോയുടെ എന്‍ജിന്റെ കരുത്ത്. മാനുവല്‍ ഗിയര്‍ബോക്‌സിലെത്തുന്ന മരാസോയുടെ ഓട്ടോമാറ്റിക് ഉടന്‍ പ്രതീക്ഷിക്കാം.

3, ടൊയോട്ട യാരിസ്

Toyota Yaris

സെഡാന്‍ ശ്രേണി പിടിച്ചെടുക്കാന്‍ ടൊയോട്ട പുറത്തിറക്കിയ വാഹനമായിരുന്നു യാരിസ്. നീണ്ടനാളത്തെ കാത്തിരിപ്പ് സമ്മാനിച്ച ഈ വാഹനത്തെ കുറിച്ച് നിരവധിയാളുകള്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഗൂഗില്‍ സെര്‍ച്ചില്‍ മൂന്നാം സ്ഥാനം യാരിസിനാണ്.

107 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് യാരിസിന് കരുത്തേകുക. 6 സ്പീഡ് മാനുവലും സെവന്‍ സ്പീഡ് സി.വി.ടി. ഗിയര്‍ബോക്‌സുമാണ് ഇതിലുള്ളത്. 9.29 ലക്ഷം മുതല്‍ 14.07 ലക്ഷം രൂപ വരെയാണ് യാരിസിന്റെ വില.

4, ഹ്യുണ്ടായി സാന്‍ട്രോ

Santro

ഇന്ത്യയിലെത്തിയതിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഹ്യുണ്ടായി ഇറക്കിയ വാഹനമാണ് സാന്‍ട്രോ. സാധാരണക്കാരുടെ വാഹനമായതിനാല്‍ തന്നെ വന്‍ വരവേല്‍പ്പും സാന്‍ട്രോയിക്ക് ലഭിച്ചിരുന്നു. അതിന്റെ തെളിവാണ് സാന്‍ട്രോ സെര്‍ച്ചില്‍ നാലാം സ്ഥാനത്തെത്തിയത്. 

1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലെത്തുന്ന സാന്‍ട്രോയില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ നല്‍കിയിട്ടുണ്ട്. കാഴ്ചയിലും ആകര്‍ഷകമായ ഈ വാഹനത്തിന് 3.90 ലക്ഷം മുതല്‍ 5.65 ലക്ഷം രൂപ വരെയാണ് വില.

5, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍

Ford Freestyle

2018-ലെ ഫോര്‍ഡിന്റെ ഏറ്റവും വലിയ ലോഞ്ച് ആയിരുന്നു ഫ്രീസ്റ്റൈല്‍. ഫിഗോയുടെ പ്ലാറ്റ്‌ഫോമില്‍ നിരത്തിലെത്തുന്ന ഫ്രീസ്‌റ്റൈലിനെ ക്രോസ് ഓവര്‍ ശ്രേണിയലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റൈലിനൊപ്പം കൂടുതല്‍ കരുത്തും ഈ വാഹനത്തിന്റെ മേന്മയാണ്.

1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഫ്രീസ്റ്റൈലിലുള്ളത്. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സിലെത്തുന്ന ഈ വാഹനത്തിന് 5.23 ലക്ഷം മുതല്‍ 7.93 ലക്ഷം രൂപ വരെയാണ് വില.

6, മാരുതി എര്‍ട്ടിഗ

New Ertiga

രണ്ടാം തലമുറ എര്‍ട്ടിഗയെയും ആളുകള്‍ വളരെ അധികം തിരഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ആറാം സ്ഥാനത്താണ് എര്‍ട്ടിഗയുള്ളത്. ഏറെ സ്റ്റൈലിഷായി നിരത്തിലെത്തിയ പുതിയ എര്‍ട്ടിഗ മാരുതിയുടെ ഏക സെവന്‍ സീറ്റര്‍ എംപിവിയാണ്.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് എര്‍ട്ടിഗയുടെ രണ്ടാം വരവ്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ഇതിലുള്ളത്. 7.44 ലക്ഷം മുതല്‍10.90 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയുടെ വില.

ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങള്‍ ആഡംബര വാഹനങ്ങളാണ് സ്വന്തമാക്കിയത്. ഏഴാം സ്ഥാനത്ത് ജീപ്പ് റാംങ്ക്വറും എട്ടാം സ്ഥാനത്തത് ബിഎംഡബ്ല്യു 6ജിടിയും, ഒമ്പതാം സ്ഥാനത്ത്  ബിഎംഡബ്ല്യു എക്‌സ്3 യുമാണുള്ളത്. 

10, മഹീന്ദ്ര ആള്‍ട്ടുറാസ്

Mahindra Alturas G4

മഹീന്ദ്രയില്‍ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ പ്രീമിയം എസ്‌യുവിയാണ് ആള്‍ട്ടുറാസ്. മികച്ച പ്രതികരണം നേടിയ ഈ വാഹനമാണ് ഗൂഗിള്‍ സേര്‍ച്ചില്‍ പത്താം സ്ഥാനത്തെത്തിയിരിക്കുന്നത്. 26.95 ലക്ഷം മുതല്‍ 29.95 ലക്ഷം രൂപയാണ് ആള്‍ട്ടുറാസിന്റെ വില.

2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സെവന്‍ സീറ്റര്‍ ആള്‍ടുറാസ് ജി4-ന് കരുത്തേകുക. 178 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നല്‍കുക. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

Content Highlights: Honda Amaze, Hyundai Santro, Mahindra Marazzo Among Google's Top 10 Trending Cars In 2018