ന്ത്യയിലെ കോംപാക്ട് സെഡാന്‍ വാഹനങ്ങളില്‍ ഏറ്റവുമധികം ആരാധകരെ സൃഷ്ടിച്ചിട്ടുള്ള മോഡലാണ് ഹോണ്ടയുടെ അമേസ്. രണ്ടാം വരവില്‍ കിടിലന്‍ ലുക്കിലെത്തിയ ഈ വാഹനം വീണ്ടും മുഖമിനുക്കുകയാണ്. ലുക്കിലും ഫീച്ചറുകളിലും കാര്യമായ മാറ്റവുമായി ഓഗസ്റ്റില്‍ ഈ വാഹനം നിരത്തുകളില്‍ എത്തുമെന്നാണ് വിവരം. വരവിന് മുന്നോടിയായി ഏതാനും ഡീലര്‍ഷിപ്പുകള്‍ ബുക്കിങ്ങും സ്വീകരിച്ച് തുടങ്ങി.

5000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. അതേസമയം, ഇത് സംബന്ധിച്ച് ഹോണ്ടയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് കൂടുതല്‍ സ്‌റ്റൈലിഷായി അമേസ് എത്തിയത്. ഹോണ്ടയുടെ ഹാച്ച്ബാക്ക് മോഡലായിരുന്ന ബ്രിയോയുടെ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം എത്തിയത്. 

ഇത്തവണ വരുത്തുന്ന മുഖം മിനുക്കലില്‍ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, പുതിയ ഗ്രില്ല്, രൂപമാറ്റം വരുത്തിയ ബമ്പര്‍, പുതിയ ഡിസൈനില്‍ ഒരുങ്ങുന്ന അലോയി വീല്‍, റിയര്‍ പ്രൊഫൈലില്‍ വരുത്തുന്ന അഴിച്ചുപണികള്‍, പുത്തന്‍ നിറങ്ങള്‍ എന്നിവയായിരിക്കും എക്സ്റ്റീരിയറില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. 

അകത്തളത്തിലും കാര്യമായ മാറ്റം പ്രതീക്ഷിക്കാം. പുതുതലമുറ സംവിധാനമായ കണക്ടഡ് കാര്‍ സാങ്കേതികവിദ്യയിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിസൈന്‍ മാറ്റമുള്ള ഡാഷ്‌ബോര്‍ഡ് എന്നിവ നല്‍കിയേക്കും. അഞ്ചാം തലമുറ സിറ്റിയില്‍ നല്‍കിയിട്ടുള്ള ഏതാനും ഫീച്ചറുകള്‍ ഇതില്‍ നല്‍കുമെന്നാണ് സൂചന.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുക. പെട്രോള്‍ എന്‍ജിന്‍ 89 ബി.എച്ച്.പി. പവറും 110 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 99 ബി.എച്ച്.പി. പവറും 200 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക്കും ഡീസല്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Source: Car and Bike

Content Highlights: Honda Amaze Facelift Model To Launch In August