ഹോണ്ടയുടെ കോംപാക്ട് സെഡാന്‍ വാഹനമായ അമേസിന്റെ മുഖം മിനുക്കിയ പതിപ്പ് നിരത്തുകളില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഓഗസ്റ്റ് 18-ന് അവതരിപ്പിക്കുന്ന ഈ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. വാഹനത്തിന്റെ ലുക്ക് സംബന്ധിച്ച് ഹോണ്ട സസ്‌പെന്‍സ് നിലനിര്‍ത്തിയിരുന്നെങ്കിലും പുതിയ മോഡലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

മുഖം മിനുക്കലിലും തലമുറ മാറ്റത്തിന് സമാനമായ പുതുമകള്‍ നല്‍കുന്നുണ്ടെന്നായിരുന്നു സൂചനകള്‍. വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇത് ശരി വയ്ക്കുകയാണ് വാഹനപ്രേമികള്‍. മുന്‍ മോഡലില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ലുക്കിന് പുറമെ, ഫീച്ചറുകളിലും ന്യൂജനറേഷന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്നാണ് ഹോണ്ട അറിയിച്ചിരുന്നത്. 

പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് ക്രോമിയം സ്ട്രിപ്പുകള്‍ നല്‍കി പുതുമയോടെ ഒരുക്കിയിട്ടുള്ള ഗ്രില്ല്, വീതി കുറഞ്ഞതും എല്‍.ഇ.ഡിയില്‍ തീര്‍ത്തിട്ടുള്ളതുമായ ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, സിറ്റിയുമായി സാമ്യം പുലര്‍ത്തുന്ന ബമ്പര്‍, ക്ലാഡിങ്ങിന്റെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ് തുടങ്ങിയവയാണ് പുതിയ അമേസിന്റെ മുഖഭാവത്തിന് പുതുമ നല്‍കുന്നവ.

അകത്തളത്തിലെ അഴകളവുകള്‍ മുന്‍ മോഡലിലേതിന് സമാനമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, ഡാഷ്‌ബോര്‍ഡിന്റെ ഡിസൈനില്‍ നേരിയ മാറ്റം വരുത്തിയേക്കുമെന്നാണ് വിവരം. ഫീച്ചറുകളുടെ എണ്ണം ഉയര്‍ത്തുന്നതിനൊപ്പം കണക്ടഡ് കാര്‍ സാങ്കേതികവിദ്യയിലുള്ള പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കുന്നതാണ് ഇന്റീരിയറില്‍ പ്രതീക്ഷിക്കുന്ന പ്രധാന പുതുമ.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുക. പെട്രോള്‍ എന്‍ജിന്‍ 89 ബി.എച്ച്.പി. പവറും 110 എന്‍.എം.ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 99 ബി.എച്ച്.പി. പവറും 200 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക്കും ഡീസല്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Honda Amaze Facelift Model Image Leaked Ahed Of Launch