ന്ത്യയിലെ കോംപാക്ട് സെഡാന്‍ വാഹനങ്ങളില്‍ മുന്‍നിര സാന്നിധ്യമാണ് ഹോണ്ടയുടെ അമേസ്. മികച്ച ഡിസൈന്‍ ശൈലി കൊണ്ടും ഫീച്ചറുകളുടെ സമ്പന്നത കൊണ്ടും ജനപ്രിയ മോഡലായ മാറിയ ഈ വാഹനത്തിന്റെ നാല് ലക്ഷം യൂണിറ്റാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്. 2013-ല്‍ എത്തിയ ഈ വാഹനം ഏഴ് വര്‍ഷം കൊണ്ടാണ് ഈ നാഴികക്കല്ല് താണ്ടിയിരിക്കുന്നത്. 

2013-ല്‍ എത്തിയ അമേസ് 2018-ല്‍ തലമുറ മാറ്റത്തിന് വിധേയമായിരുന്നു. കാഴ്ചയില്‍ ഏത് എതിരാളികളെയും കടത്തിവെട്ടുന്ന സൗന്ദര്യവുമായാണ് രണ്ടാം തലമുറയിലെ അമേസിന്റെ ഹൈലൈറ്റ്. കോംപാക്ട് സെഡാന്‍ ശ്രേണിലെ മികച്ച വില്‍പ്പനയുള്ള മോഡലിനൊപ്പം, ഹോണ്ടയുടെ ടോപ്പ് സെല്ലിങ്ങ് കാറുകളുടെ പട്ടികയിലേക്കും അമേസ് എത്തിയിട്ടുണ്ട്.

2013 ഏപ്രിലിലാണ് അമേസിന്റെ ആദ്യ തലമുറ മോഡല്‍ വിപണിയിലെത്തിയത്. 2018 മാര്‍ച്ച് വരെ ഈ മോഡലിന്റെ 2.6 ലക്ഷം യൂണിറ്റാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. തുടര്‍ന്ന് 2018 മേയ് മാസത്തില്‍ രണ്ടാം തലമുറ അവതരിപ്പിക്കുകയും ഇതുവരെ 1.4 ലക്ഷം യൂണിറ്റ് വിറ്റഴിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഹോണ്ട ഇന്ത്യ നല്‍കുന്ന റിപ്പോര്‍ട്ട്. ഇതിലെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് മികച്ച വില്‍പ്പന ലഭിച്ചിട്ടുള്ളത്. 

2020 ജനുവരിയില്‍ അമേസിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 90 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 100 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനമെത്തുന്നത്. മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

മാരുതി സുസുക്കി ഡിസയര്‍, ഫോര്‍ഡ് ആസ്പയര്‍, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോര്‍ തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കുന്ന ഹോണ്ട അമേസിന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലിന് 6.17 ലക്ഷം രൂപ മുതല്‍8.79 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 7.63 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.

Content Highlights: Honda Amaze crosses 4 lakh cumulative sales milestone in India