കോംപാക്ട് സെഡാന്‍ അമേസിന്റെ പുതിയ വിഎക്‌സ് സിവിടി പതിപ്പ് ഹോണ്ട പുറത്തിറക്കി. വിഎക്‌സ് സിവിടി പെട്രോള്‍ മോഡലിന് 8.56 ലക്ഷവും ഡീസലിന് 9.56 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. നേരത്തെ അമേസിന്റെ എസ്, വി എന്നീ രണ്ട് വകഭേദങ്ങളില്‍ മാത്രമേ സിവിടി പതിപ്പ് ലഭ്യമായിരുന്നുള്ളു.  

ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍ പ്ലേ കണക്‌റിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, റിമോട്ട് കണ്‍ട്രോള്‍, അഡീഷ്ണല്‍ യുഎസ്ബി പോര്‍ട്ട്, സ്റ്റിയറിങ് മൗണ്ടഡ് വോയിസ് കണ്‍ട്രോള്‍, റിയര്‍ ക്യാമറ എന്നിവ സഹിതമുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സിസ്റ്റം പുതിയ വിഎക്‌സ് സിവിടിയില്‍ ഇടംപിടിച്ചു. 

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ് പുതുതലമുറ അമേസിന് കരുത്തേകുന്നത്. 89 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമേകുന്നതാണ് പെട്രോള്‍ എന്‍ജിന്‍. 99 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കും നല്‍കും ഡീസല്‍ എന്‍ജിന്‍. അതേസമയം ഡീസല്‍ സിവിടി വകഭേദം 78 ബിഎച്ച്പി പവറും 160 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. സിവിടി ഓട്ടോമാറ്റിന് പുറമേ 5 സ്പീഡ് മാനുവലാണ് അമേസിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

Content Highlights; Honda Amaze compact sedan gets new top-end VX CVT variant