20 വര്‍ഷം കൊണ്ട് ഇന്ത്യന്‍ നിരത്തിലെ സജീവ സാന്നിധ്യമായിരിക്കുകയാണ് ഹോണ്ട. 1998-ല്‍ ഹോണ്ട സിറ്റിയുമായി ഇന്ത്യന്‍ നിരത്തിലേക്ക് കടന്നുവന്ന ഹോണ്ട 20 വര്‍ഷം കൊണ്ട് 15 ലക്ഷം എന്ന മാജിക് നമ്പറിലെത്തി നില്‍ക്കുകയാണ്. 

വളരെ വേഗത്തിലുള്ള വളര്‍ച്ചയാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹോണ്ടയ്ക്കുണ്ടായത്‌. തുടക്കത്തില്‍ അഞ്ച് ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ 14.3 വര്‍ഷമാണ് ഹോണ്ട എടുത്തത്. 2012 മാര്‍ച്ചിലാണ് അഞ്ച് ലക്ഷത്തിലെത്തിയത്. 

Honda Cars

എന്നാല്‍, പിന്നീടുള്ള വളര്‍ച്ച വേഗത്തിലായിരുന്നു. 2012-ന് ശേഷം 3.7 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം കാറുകള്‍ പുറത്തിറക്കി പത്ത് ലക്ഷത്തിലെത്തിച്ചു. ഇതിന് ശേഷം കഴിഞ്ഞ 34 മാസത്തില്‍ അഞ്ച് ലക്ഷം വാഹനം പുറത്തിറക്കിയാണ് 15 ലക്ഷമെന്ന നാഴികക്കല്ല്‌ താണ്ടിയത്. 

Honda Amaze

കഴിഞ്ഞ ഏതാനും നാളുകളായി ഹോണ്ടയുടെ സെഡാന്‍ മോഡലായ അമേസും ഹാച്ച്ബാക്ക് മോഡലായ ജാസുമാണ് കമ്പനിക്ക് വില്‍പ്പന നേട്ടമുണ്ടാക്കി നല്‍കുന്നത്. 20 വര്‍ഷത്തിനുള്ളില്‍ 231 നഗരങ്ങളിലായി 341 ഡിലര്‍ഷിപ്പുകളാണ് ഹോണ്ട കെട്ടിപ്പെടുത്തത്‌. 

Honda City

അമേസിന്റെ പുതിയ മോഡല്‍ പുറത്തിറക്കിയതും ഹാച്ച്ബാക്ക് വാഹനങ്ങള്‍ക്കുള്ള ഡിമാന്റും ഈ സാമ്പത്തിക വര്‍ഷം ഹോണ്ടയ്ക്ക് നേട്ടം സമ്മാനിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് പാദത്തില്‍ 79,599 വാഹനങ്ങളാണ് ഹോണ്ട നിരത്തിലെത്തിച്ചത്.

Honda Brio

സിറ്റിയുമായി ഇന്ത്യയില്‍ എത്തിയ ഹോണ്ട ഇന്ന് എട്ട് വാഹനങ്ങള്‍ നിരത്തിലെത്തിക്കുന്നുണ്ട്. ബ്രിയൊ, ജാസ്, അമേസ്, സിറ്റി, ഡബ്ല്യുആര്‍-വി, ബിആര്‍-വി, സിആര്‍-വി, അക്കോഡ് എന്നീ വാഹനങ്ങളാണ് ഹോണ്ട ഇപ്പോള്‍ നിരത്തിലെത്തിക്കുന്നത്.