ടോം ക്രൂയിസ്, ബി.എം.ഡബ്ല്യു എക്സ്7 | Photo: AFP, BMW India
ഹോളിവുഡ് താരം ടോം ക്രൂസിന്റെ ആഡംബര വാഹനമായ ബി.എം.ഡബ്ല്യു എക്സ്-7 മോഷണം പോയി. മിഷന് ഇംപോസിബിള്‍ ഏഴാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മോഷ്ടാക്കള്‍ വാഹനവുമായി കടന്ന് കളഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെര്‍മിങ്ങ്ഹാമിലെ ഗ്രാന്റ് ഹോട്ടലില്‍ നിന്നാണ് മോഷ്ടാക്കള്‍ വാഹനവുമായി രക്ഷപ്പെട്ടത്. വാഹനത്തിനൊപ്പം ഇതില്‍ സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള നിരവധി വസ്തുകളുമായാണ് ഇവര്‍ കടന്നുകളഞ്ഞത്.
എക്സ്7-ന്റെ കീലെസ് ഇഗ്നീഷന്‍ ഫോബില്‍ നിന്നുള്ള സിഗ്നല്‍ തടസപ്പെടുത്തിയ ശേഷമായിരുന്നു മോഷണമെന്നാണ് വിലയിരുത്തല്‍. വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ഈ സംവിധാനം ഉപയോഗപ്പെടുത്താറുണ്ടെന്നാണ് സൂചന. വാഹനവുമായി കടന്ന മോഷ്ടാക്കള്‍ക്ക് ജി.പി.എസ്. വിച്ഛേദിക്കാന്‍ സാധിക്കാതെ വന്നതോടെ വാഹനം ഉപേക്ഷിച്ച് അതിലെ വിലപിടിപ്പുള്ള സാധനങ്ങളുമായി മുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബെര്‍മിങ്ങ്ഹാമിലെ ചര്‍ച്ച് സ്ട്രീറ്റില്‍ നിന്ന് ഒരു ബി.എം.ഡബ്ല്യു എക്സ്7 എസ്.യു.വി. മോഷണം പോയെന്നായിരുന്നു ആദ്യം ലഭിച്ച റിപ്പോര്‍ട്ട്. പരാതി ലഭിച്ച് ചുങ്ങിയ സമയത്തിനുള്ളില്‍ വാഹനം കണ്ടെത്താന്‍ സാധിച്ചു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ക്യമാറകള്‍ പരിശോധിച്ച് വരികയാണെന്നും അന്വേഷണം കാര്യക്ഷമമാണെന്നും പോലീസ് വക്താവ് അറിയിച്ചു.
ഷൂട്ടിങ്ങിനും മറ്റുമായി ബെര്മിങ്ങ്ഹാമിലും പരിസര പ്രദേശങ്ങളിലും ബി.എം.ഡബ്ല്യു എക്സ്7-ലാണ് ടോം ക്രൂയിസിന്റെ യാത്ര. മിഷന് ഇംപോസിബിള്‍ സിനിമയുമായി ബി.എം.ഡബ്ല്യുവിന് പങ്കാളിത്തമുണ്ടെന്നാണ് വിവരം. ഈ ആഡംബര വാഹന നിര്‍മാതാക്കളുടെ കാറുകളും ബൈക്കുകളും സിനിമയില്‍ ഉടനീളം ഉപയോഗിക്കുന്നുണ്ട്. ബി.എം.ഡബ്ല്യു എം5, ബി.എം.ഡബ്ല്യു ജി 310 ജി.എസ്. ബൈക്ക് എന്നിവയില്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നതിന്റെ ചിത്രങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു.
Source: The Sun
Content Highlights: Hollywood Actor Tom Cruise BMW X7 SUV Stolen From UK
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..