ന്ത്യന്‍ നിരത്തുകളില്‍ സെവന്‍ സീറ്റര്‍ വാഹനമെത്തിക്കുന്നതിന്റെ ത്രില്ലില്ലാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. അല്‍കാസര്‍ എന്ന പേരില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ഈ വാഹനം ഏപ്രിലില്‍ വിപണിയില്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ വരവ് നീണ്ട ഈ വാഹനം ജൂണില്‍ എത്തുമെന്ന് ഉറപ്പായി. 

ഹ്യുണ്ടായി നിരയിലെ വമ്പനായി എത്താനൊരുങ്ങുന്ന അല്‍കാസറിനെ കമ്പനിയുടെ മറ്റ് എസ്.യു.വികള്‍ സ്വാഗതം ചെയ്യുന്നതിന്റെ ടീസര്‍ വീഡിയോ ഹ്യുണ്ടായി പുറത്തുവിട്ടു. മണലാരണ്യതത്തില്‍ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വാഹനം ഉപയോഗിച്ച് അല്‍കാസര്‍ എന്ന ആലേഖനം ചെയ്താണ് അല്‍കാസര്‍ എസ്.യു.വിക്ക് കൂടെ പിറപ്പുകളായ മറ്റ് എസ്.യു.വികള്‍ സ്വാഗതം ഒരുക്കിയത്. 

ഇന്ത്യയുടെ പ്രിയപ്പെട്ട എസ്.യു.വി നിര്‍മാതാക്കള്‍ എന്ന ഖ്യാതി സ്വന്തമാക്കാന്‍ ഹ്യുണ്ടായിക്ക് കഴിഞ്ഞിട്ടുണ്ട്. ക്രെറ്റ, വെന്യു, ടൂസോണ്‍, കോന തുടങ്ങിയ എസ്.യു.വികളാണ് ഈ നേട്ടം ഹ്യുണ്ടായിക്ക് സമ്മാനിച്ചിരിക്കുന്നത്. ഹ്യുണ്ടായി എസ്.യു.വികളുടെ ജനസമ്മതി കണക്കിലെടുത്ത് ഒരു പ്രീമിയം എസ്.യു.വി. കൂടി എത്തിക്കുകയാണ്. ഇതും സ്വീകരിക്കപ്പെടുമെന്ന് ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടു.  

മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയുമായി പ്ലാറ്റ്‌ഫോം പങ്കിട്ടെത്തുന്ന ഈ വാഹനം ലുക്കിലും ക്രെറ്റയുമായി ഒട്ടേറെ സാമ്യം പുലര്‍ത്തുന്നുണ്ട്. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളിലും അല്‍കാസര്‍ എത്തും. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച വലിയ ഗ്രില്ലും, എല്‍.ഇ.ഡി. ലൈറ്റുകളും ഡി.ആര്‍.എല്ലും നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പുമെല്ലാം അല്‍കാസറിനെ ക്രെറ്റയില്‍ നിന്ന് വ്യത്യസ്തമാക്കും. 

ഫീച്ചറുകളില്‍ അല്‍കാസറും ക്രെറ്റയും സമമാണ്. ആറ് സീറ്ററില്‍ ക്യാപ്റ്റന്‍ സീറ്റും, ഏഴ് സീറ്ററില്‍ ബെഞ്ച് സീറ്റും നല്‍കും. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്ടഡ് കാര്‍ ടെക്‌നോളജി, ഓട്ടോമാറ്റിക് എ.സി, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍ തുടങ്ങിയവ അകത്തളത്തില്‍ നല്‍കും. 

സെല്‍റ്റോസിനും ക്രെറ്റയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലാണ് അല്‍കാസര്‍ ഒരുങ്ങുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് അല്‍കാസറില്‍ നല്‍കുന്നത്. പെട്രോള്‍ എന്‍ജിന്‍ 159 ബി.എച്ച്.പി പവറും 192 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 115 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക.

Content Highlights: HMIL Sets the Stage for a Glorious Welcome of 'Hyundai ALCAZAR'