ഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യയിലേക്കുള്ള പ്രവേശനവും ആദ്യ വാഹനവും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനീസ് വാഹനനിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ്. ഫെബ്രുവരി ഏഴിന് ഗ്രേറ്റ് നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലൂടെയാണ് ജിഡബ്ല്യുഎം ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 

മുമ്പ് ഉയര്‍ന്ന സൂചനകള്‍ പോലെ ഗ്രേറ്റ് വാളിന്റെ ഹവല്‍ എച്ച്6 ആണ് ഇന്ത്യയിലെത്തുന്ന ആദ്യ വാഹനം. ഈ വാഹനത്തിന്റെ പ്രദര്‍ശനവും ഓട്ടോ എക്‌സ്‌പോയില്‍ നടക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഇതിനുപുറമെ, ഹാവലിന്റെ മറ്റ് എസ്‌യുവികള്‍, സുരക്ഷ സംവിധാനം, സാങ്കേതികവിദ്യ തുടങ്ങിയവയും ഓട്ടോ എക്‌സ്‌പോയില്‍ വെളിപ്പെടുത്തും.

കാഴ്ച്ചയില്‍ ഏറെ ആകര്‍ഷകമായ വാഹനമാണ് ഹവല്‍ എച്ച്-6. ക്രോമിയം സ്ലാറ്റുകള്‍ നല്‍കിയുള്ള വലിയ ഗ്രില്ലും എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്ലാമ്പും, ഡിആര്‍എല്ലും, വീതി കുറഞ്ഞ എയര്‍ഡാമും മസ്‌കുലര്‍ ബമ്പറും ഉള്‍പ്പെടെ വേറിട്ട ഡിസൈന്‍ ശൈലിയാണ് മുന്‍വശത്തിനുള്ളത്.

ഒമ്പത് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫോര്‍ സ്പോക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍. നീളത്തിലുള്ള എസി വെന്റുകള്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിരയാണ് ഇന്റീരിയറിലുമുള്ളത്. 

ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി, ക്രോസ് ട്രാഫിക് അലേര്‍ട്ട് എന്നീ ആധുനിക സുരക്ഷ സംവിധാനങ്ങളുമുള്ള ഈ വാഹനത്തിന്റെ വില 15 ലക്ഷത്തിന് മുകളിലായിരിക്കുമെന്നാണ് സൂചനകള്‍.

രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ വിദേശ വിപണികളില്‍ H6 എസ്യുവി എത്തുന്നുണ്ട്. 188 ബിഎച്ച്പി പവറും 340 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 161 ബിഎച്ച്പി പവറും 280 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിലുള്ളത്.

Content Highlights: GWM to make its India debut at Auto Expo 2020