ത്തവണത്തെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലെ പ്രധാന ശ്രദ്ധാകേന്ദ്രം ചൈനിയില്‍ നിന്നെത്തുന്ന ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് എന്ന വാഹനനിര്‍മാതാക്കളുടെ പവലിയന്‍ ആയിരിക്കും. ആദ്യ വാഹനമായ ഹവല്‍ എച്ച്6-നൊപ്പം ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് മോഡലായ വിഷന്‍ 2025-ഉം ജിഡബ്ല്യുഎമ്മിന്റെ കോട്ടയെ സമ്പന്നമാക്കും.

പൂര്‍ണമായും ബാറ്ററി ഇലക്ട്രിക് വാഹനത്തിന്റെ കണ്‍സെപ്റ്റ് രൂപമാണ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തുന്ന വിഷന്‍-2025. ഫ്യൂച്ചര്‍ മൊബിലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഇന്റലിജെന്റ് കണക്ടഡ് വാഹനമായിരിക്കും വിഷന്‍-2025 കണ്‍സെപ്റ്റ് എന്നാണ് നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

പ്രധാനമായും യുവക്കളായ ഉപയോക്താക്കളെ ലക്ഷ്യമാക്കിയുള്ള ഡിസൈനാണ് ഈ കണ്‍സെപ്റ്റില്‍ നല്‍കിയിട്ടുള്ളത്. വാഹനമെന്നത് ആളുകളുടെ ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റാനും ഈ വാഹനത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും ജിഡബ്ല്യുഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

എസ്‌യുവി വാഹനത്തിന്റെ രൂപത്തിലാണ് കണ്‍സെപ്റ്റ് ഒരുങ്ങിയിരിക്കുന്നത്. വീതിയുള്ള ബോണറ്റും വളരെ നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പും ഡിആര്‍എല്ലും ചേര്‍ന്നതാണ് മുന്‍വശം. ഗ്രില്ല് നല്‍കിയിട്ടില്ല. ആ ഭാഗം പൂര്‍ണമായും കവര്‍ ചെയ്തിരിക്കുകയാണ്. ഇതില്‍ ഹവല്‍ എന്ന് ആലേഖനം ചെയ്തുമാണ് മുന്‍വശം. 

പിന്‍വശം റെഗുലര്‍ ഹവല്‍ എച്ച്6-ന് സമാനമാണ് ടെയ്ല്‍ ഗേറ്റ് മുഴുവന്‍ നീളുന്ന എല്‍ഇഡി ലൈറ്റ് പിന്നില്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് രണ്ട് വശങ്ങളിലും ടെയ്ല്‍ ലൈറ്റുകളും നല്‍കിയിട്ടുള്ളത്. പിന്നിലും ക്രോം ഫിനീഷില്‍ ഹവല്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്.

ചിത്രങ്ങള്‍ അനുസരിച്ച് ഹവലിനെ അടിസ്ഥാനമാക്കിയായിരിക്കും വിഷന്‍ 2025 ഒരുങ്ങുകയെന്നാണ് സൂചന. എന്നാല്‍, ഈ വാഹനത്തിന്റെ കരുത്തും റേഞ്ചും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: GWM’s Concept Vehicle - Vision 2025 Slated for India Debut