വാഹനങ്ങളില്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ വന്നതോടെ ഫാന്‍സി നമ്പറുകളുടെ പ്രതാപത്തിന് നേരിയ മങ്ങലേറ്റിട്ടുണ്ട്. എന്നാല്‍, 007 എന്ന ജെയിംസ് ബോണ്ട് നമ്പറിനെ ഇത് തീരെ ബാധിച്ചിട്ടില്ല. ഇതിന്റെ തെളിവാണ് വാഹനത്തിന്റെ വിലയോളം പണം മുടക്കി ഒരു യുവാവ് 007 എന്ന ഇഷ്ടനമ്പര്‍ തന്റെ വാഹനത്തില്‍ നല്‍കിയത്. 

ഗുജറാത്ത് സ്വദേശിയായ ആശിക് പട്ടേല്‍ എന്നയാളാണ് 39 ലക്ഷം രൂപയോളം വില വരുന്ന ടൊയോട്ട ഫോര്‍ച്യൂണറിന് 007 എന്ന നമ്പര്‍ ലഭിക്കുന്നതിനായി 34 ലക്ഷം രൂപ മുടക്കിയത്. GJ 01 WA 007 എന്ന നമ്പറാണ് അദ്ദേഹം തന്റെ ഇഷ്ട വാഹനത്തിന് സ്വന്തമാക്കിയത്. ഇത് തന്റെ ഭാഗ്യ നമ്പറാണെന്നും അതിനാലാണ് പണം നോക്കാതെ ഈ നമ്പര്‍ തിരഞ്ഞെടുത്തതെന്നുമാണ് ആശിക്കിന്റെ പക്ഷം. 

25,000 രൂപയിലാണ് ഈ നമ്പറിനായുള്ള ലേലം ആരംഭിച്ചത്. പിന്നീട് ഇത് 25 ലക്ഷത്തിലേക്ക് ഉയരുകയായിരുന്നു. നമ്പറിനായുള്ള ലേലം അവസാനിക്കാന്‍ ഏഴ് മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് ആശിക് 34 ലക്ഷം രൂപയ്ക്ക് ഈ നമ്പര്‍ ലേലം കൊണ്ടത്. നവംബര്‍ 23-ാം തീയതിയാണ് ആശിക് തന്റെ ഭാഗ്യ നമ്പര്‍ ഇഷ്ടവാഹനത്തിനായി നേടിയത്.

Content Highlights: Gujarat Business Man Spend 34 Lakhs For Lucky Number