ലക്ട്രിക് വാഹന ഭീമന്മാരായ ടെസ്‌ലയുടെ മോഡല്‍-3 എന്ന ഇലക്ട്രിക് കാര്‍ ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോതാക്കിസ് ഓടിച്ചുനോക്കുന്നതിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഭരിച്ചത്. ടെസ്‌ലയുടെ പോപ്പ്-അപ്പ് സ്റ്റോര്‍ ഗ്രീക്കിന്റെ തലസ്ഥാനമായ ഏഥന്‍സില്‍ തുറന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഈ ഇലക്ട്രിക് വാഹനം ഓടിച്ചുനോക്കാനെത്തിയത്. 

മോഡല്‍-3 കാറിനൊപ്പമുള്ള പ്രധാനമന്ത്രിയുടെ വൈറലായ ചിത്രത്തോട് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കും പ്രതീകരിച്ചു. നിലവില്‍ പോപ്പ്-അപ്പ് സ്റ്റോര്‍ ആയി മാത്രമാണ് ഗ്രീസില്‍ ടെസ്‌ലയുടെ പ്രവര്‍ത്തനം. എന്നാല്‍, ഇവിടെ പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീര്‍ത്തും പ്രചാരം കുറവുള്ള രാജ്യമാണ് ഗ്രീസ്. ഈ രാജ്യത്ത് രാജ്യത്ത് നിലവില്‍ 1000 ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ ഉണ്ടാകുവെന്നാണ് കണക്ക്. ഇത് ഇവിടുത്തെ മൊത്ത വാഹനങ്ങളുടെ 0.3 ശതമാനമാണ്. എന്നാല്‍, ഇപ്പോള്‍ വൈറലായിരിക്കുന്ന ഈ ചിത്രം ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരത്തിന് വഴിവെച്ചേക്കാമെന്നാണ് പ്രതീക്ഷ. 

സാധാരണ രാഷ്ട്രതലവന്മാര്‍ക്ക്‌ വില കൂടിയതും ബുള്ളറ്റ് പ്രൂഫ് സംവിധാനം ഉള്‍പ്പെടെയുള്ള കവചിത വാഹനവുമാണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രി ടെസ്‌ലയുടെ ഏറ്റവും ചെറിയ വാഹനം തിരഞ്ഞെടുത്തതും ശ്രദ്ധേയമാണ്. ഇതിനുപുറമെ, ഗ്രീസില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി ഇളവും നല്‍കിയിട്ടുണ്ട്. 

ടെസ്‌ല വാഹനനിരയിലെ ഏറ്റവും വില കുറവുള്ള വാഹനമാണ് മോഡല്‍-3. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തിനുള്ളത്. 238 ബിഎച്ച്പി മുതല്‍ 450 ബിഎച്ച്പി വരെ ഉത്പാദിപ്പിക്കുന്ന മോട്ടോറുകള്‍ ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Greek prime minister Kyrialos Mitsotakis Drive Tesla Model-3 Electric Car