ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളിലൊന്നായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോടടുക്കുന്നു. 2020-ലൈ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഏതാനും വാഹനങ്ങള്‍ പ്രദര്‍ശനത്തിനെത്തിയെങ്കിലും കൊറോണ എന്ന മഹാമാരി ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ഇന്ത്യ പ്രവേശനത്തിന് തടയമായി. അന്ന് നീട്ടിവെച്ച വരവ് ഈ വര്‍ഷമുണ്ടാകുമെന്നാണ് സൂചന.

ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ഹാവല്‍ എഫ്7 എന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് വരവ് ഇനിയും വൈകില്ലെന്ന് സൂചനകള്‍ ലഭിച്ചത്. ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിക്കുന്ന ആദ്യ വാഹനം ഇതായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനുപുറമെ, ബെംഗളൂരുവില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ റിസേര്‍ച്ച് സെന്ററും ആരംഭിച്ചിട്ടുണ്ട്. 

ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ആരംഭിച്ച റിസേര്‍ച്ച് സെന്ററില്‍ ഓട്ടോണമസ് ഡ്രൈവിങ്ങ് സിസ്റ്റം, ഹൈബ്രിഡ് കണ്‍ട്രോള്‍ യൂണിറ്റ്, വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ്, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം എന്നിവയുടെ ഗവേഷണമാണ് നടക്കുന്നതെന്നാണ് വിവരം. ഇന്ത്യയില്‍ ഇവര്‍ എത്തിക്കുന്ന വാഹനം ഉയര്‍ന്ന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായുള്ളതായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

ആഗോള നിരത്തുകളില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് മുമ്പുതന്നെ അവതരിപ്പിച്ച വാഹനമാണ് ഹാവല്‍ എഫ്7. 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ ടി-ജി.ഡി.ഐ. ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍ 150 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കും 2.0 ലിറ്റര്‍ എന്‍ജിന്‍ 190 ബി.എച്ച്.പി. പവറും 340 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

ഇന്ത്യന്‍ നിരത്തുകളില്‍ പ്രധാനമായും ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ഹാവല്‍ എഫ്7 മത്സരിക്കുക. അതേസമയം, എതിരാളികളെക്കാള്‍ വലുപ്പക്കാരനായാണ് ഈ എസ്.യു.വി. എത്തുന്നത്. 4620 എം.എം. നീളം, 1846 എം.എം. വീതി, 1690 എം.എം. ഉയരം, 2725 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകള്‍.

Content Highlights: Great Wall Motors Launch In India Any Time Soon