ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയിലെത്താന്‍ ലക്ഷ്യമിടുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. കൊറിയന്‍ ബ്രാന്‍ഡായ കിയ മോട്ടോഴ്‌സ്‌, ചൈനീസ് കമ്പനിയായ SAIC ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്സ് എന്നിവ അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് ഗ്രേറ്റ് വാളും ഇങ്ങോട്ടെത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹവല്‍ H6 എസ്.യു.വി.യുമായി 2021 ലായിരിക്കും ചൈനീസ് വാഹന ഭീമനായ ഗ്രേറ്റ് വാള്‍ ഇന്ത്യയിലെത്തുക. 

മികച്ച അടിത്തറയുണ്ടാക്കുന്നതിനായി ആദ്യഘട്ടത്തില്‍ ഏകദേശം 7000-8000 കോടി രൂപ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നാണ് സൂചന. ഗുജറാത്തിലായിരിക്കും കമ്പനിയുടെ ആദ്യ നിര്‍മാണ കേന്ദ്രം. നിലവില്‍ വാഹന വ്യവസായം തുടങ്ങുന്നതിന് മുമ്പെ ഗ്രേറ്റ് വാളിന്റെ സാന്നിധ്യം ഇന്ത്യയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ കോഡിങ് സോഫ്റ്റ്‌വെയര്‍, നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ എന്നിവയ്ക്കായി കമ്പനിയുടെ ഒരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ടെക്നോളജി ഹബ്ബ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യന്‍ പ്രവേശനത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷം പകുതിയോടെ കമ്പനി നടത്തിയേക്കും. ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള പാസഞ്ചര്‍ വാഹന ശ്രേണിയിലായിരിക്കും ഗ്രേറ്റ് വാള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവില്‍ ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി, പിക്കപ്പ് ട്രക്ക് നിര്‍മാതാക്കളാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്സ്. ഗ്രേറ്റ് വാള്‍, ഹവല്‍, വേ, ORA എന്നീ നാല് ബ്രാന്‍ഡുകള്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്സിന് കീഴിലുണ്ട്. ഇന്ത്യയിലെത്തുന്ന ഹവല്‍ എസ്.യു.വി.കളുടെ മാത്രം ബ്രാന്‍ഡാണ്. സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് ഇറക്കുന്നത്. 

ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മിഡ്‌സൈസ് എസ്‌യുവി H6 മോഡലിന് പുറമേ H2, H6 കൂപ്പെ, H9 എന്നിവയാണ് ഗ്രേറ്റ് വാള്‍ ഹവല്‍ ലൈനപ്പിലുള്ളത്. രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ വിദേശ വിപണികളില്‍ H6 എസ്‌യുവി വില്‍പനയ്ക്കുണ്ട്. 188 ബിഎച്ച്പി പവറും 340 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 161 ബിഎച്ച്പി പവറും 280 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിലുള്ളത്.

Content Highlights; Great Wall Motors Is Coming To India With Haval H6 SUV