ചൈനീസ് വാഹനനിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ഇന്ത്യ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമ്പനിയുടെ ട്വിറ്റര്‍ പോസ്റ്റ്. 10 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയിലൂടെയാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വിവരം കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. 

നമസ്‌തേ ഇന്ത്യ, വലിയ കാര്യങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, വൈകാതെയെത്തും എന്നാണ് വീഡിയോയില്‍ പറയുന്നത്. ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ലോഗോയ്ക്കൊപ്പം ഒരു എസ്‌യുവിയുടെ ഔട്ട്‌ലൈനുമാണ് പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്.

എസ്‌യുവികളും പിക്ക് അപ്പുകളുമാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ചൈനയില്‍ ഇറക്കുന്നത്. എന്നാല്‍, ഇന്ത്യയിലേക്ക് എസ്‌യുവികളും ചെറു ഇലക്ട്രിക് കാറുകളുമായിരിക്കും ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് എത്തിക്കുക. ഹാവന്‍ എച്ച്6, എച്ച്9 എന്നീ എസ്‌യുവികളും ഓറെ ആര്‍1 എന്ന ഇലക്ട്രിക് കാറുമായിരിക്കുമിത്.

ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സും സാന്നിധ്യമറിയിക്കുമെന്ന് മുമ്പുതന്നെ സൂചനകള്‍ നല്‍കിയിരുന്നു. ഹാവല്‍ എച്ച്6 എസ്‌യുവിയായിരിക്കും പ്രദര്‍ശിപ്പിക്കുകയെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഒരു ഇലക്ട്രിക് കാറും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. 

ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ബെംഗളൂരുവില്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലെപ്പമെന്റ് വിഭാഗം ആരംഭിക്കുമെന്ന് 2016-ല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗ്രേറ്റ് വാള്‍ ഇന്ത്യ പ്രവേശനം പ്രഖ്യാപിക്കുന്നതും 7000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അറിയിച്ചതും.

Content Highlights: Great Wall Motors Announce India Entry; Teaser Video Out