പ്രതീകാത്മക ചിത്രം | Photo: AP Photo|Rajesh Nirgude
രാജ്യത്തെ വിന്റേജ് കാറുകള്‍ക്കും ബൈക്കുകള്‍ക്കുമായി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഒരുങ്ങുന്നു. ഇതനുസരിച്ച് വിന്റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പറും നമ്പര്‍ പ്ലേറ്റും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വിന്റേജ് വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമ ഭേദഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
50 വര്‍ഷത്തിലേറെ പഴക്കമുള്ളതും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതുമായ ഇരുചക്ര വാഹനങ്ങളെയും കാറുകളെയുമാണ് വിന്റേജ് വാഹനങ്ങളായി പരിഗണിക്കുന്നത്. ഇതില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള വാഹനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ വിന്റേജ് വാഹനങ്ങളില്‍ 10 അക്ക നമ്പറുള്ള പ്രത്യേക നമ്പര്‍ പ്ലേറ്റുകളായിരിക്കും നല്‍കുക. നമ്പര്‍ പ്ലേറ്റുകളില്‍ നല്‍കുന്ന സംസ്ഥാന കോഡിന് ശേഷം VA എന്ന് കൂടി രേഖപ്പെടുത്തും. 0001 മുതല്‍ 9999 വരെയുള്ള നമ്പറുകള്‍ വിന്റേജ് വാഹനങ്ങള്‍ക്കും അനുവദിക്കും.
10 വര്‍ഷത്തേക്കായിരിക്കും വിന്റേജ് വാഹനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍. ഇതിനായി 20,000 രൂപയായിരിക്കും ഈടാക്കുക. ഈ കാലവധിക്ക് ശേഷമുള്ള റീ രജിസ്‌ട്രേഷനുകള്‍ക്ക് 5000 രൂപ വീതവും ഈടാക്കും. വിന്റേജ് വാഹനമായി രജിസ്റ്റര്‍ ചെയ്താലും ഇത് നിയമപ്രകാരമുള്ള വില്‍പ്പനയ്ക്ക് അനുവദിക്കും.
വാഹന പ്രദര്‍ശനം, കാര്‍ റാലി, എക്‌സിബിഷന്‍, വിന്റേജ് കാര്‍ ഗവേഷണം തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രമായി ഈ വാഹനത്തിന്റെ ഉപയോഗം നിജപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷനായി സംസ്ഥാനങ്ങള്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്നാണ് നിര്‍ദേശം.
Content Highlights: Government Suggest New Number and Number Plate For Vintage Cars
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..