ന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഫെയിം (FAME II) പദ്ധതിയുടെ രണ്ടാം ഘട്ടാം 2024 മാര്‍ച്ച് 24 വരെ നീട്ടിയതായി റിപ്പോര്‍ട്ട്. ഫാസ്റ്റ് അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ്ങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (FAME) പദ്ധതിയുടെ രണ്ടാം ഘട്ടം പ്രധാനമായും ഷെയേഡ് മൊബിലിറ്റി, ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം എന്നിവയുടെ പ്രോത്സാഹനത്തിനാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

പദ്ധതി നീട്ടിയതിനെ തുടര്‍ന്ന് ഫെയിം2 സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ 2024 മാര്‍ച്ച് മാസം വരെ ലഭ്യമാക്കും. ഫെയിം ഇന്ത്യ പദ്ധതിയുടെ ഫേസ് ടൂ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടുകയാണ്. 2024 മാര്‍ച്ച് 31 വരെയായിരിക്കും ഈ പദ്ധതിയുടെ ദൈര്‍ഘ്യമെന്നും കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു. 

പരിസ്ഥിതി സൗഹൃദമായ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2015-ലാണ് ഫെയിം ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് 2015 ഏപ്രില്‍ ഒന്നിനാണ് ഒന്നാം ഘട്ട പദ്ധതി ആരംഭിച്ചത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ 2019 ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. ഇത് 2022 മാര്‍ച്ച് 31-ന് അവസാനിക്കാനിരിക്കെയാണ് പദ്ധതിയുടെ കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിയിട്ടുള്ളത്. 

ഫെയിം രണ്ടാം ഘട്ട പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 10,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2030-ഓടെ ഇന്ത്യയിലെ വാഹനങ്ങളില്‍ 100 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായി മാറ്റുന്നതിന്‌ ലക്ഷ്യമാക്കി ഇലക്ട്രിക് വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനുമാണ് ഈ തുക അനുവദിച്ചിരുന്നത്. 

കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. എന്നാല്‍, ഫെയിം പദ്ധതിയുടെ കാലാവധി നീട്ടിയത് ഈ വ്യവസായത്തിന്റെ വികസനത്തിന് സഹായിക്കുമെന്ന് എഫ്.ഐ.സി.സി.ഐ. ചേംബര്‍ അഭിപ്രായപ്പെട്ടു. ഈ പദ്ധതിക്ക് കീഴില്‍ അനുവദിച്ചിട്ടുള്ള തുക കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുമെന്നാണ് എഫ്.ഐ.സി.സി.ഐ. ചേംബര്‍ വിലയിരുത്തുന്നത്. 

ഫെയിം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി രണ്ടാഴ്ച്ച മുമ്പാണ് വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന സബ്‌സിഡി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പുതിയ ഭേദഗതി അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ ശേഷിയുടെ അടിസ്ഥാനത്തില്‍ കിലോവാട്ടിന് 15,000 രൂപ സബ്‌സിഡി അനുവദിക്കും. മുമ്പ് ഇത് 10,000 രൂപ ആയിരുന്നു. ഈ നീക്കം ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlights: Government Extend Electric Vehicle Project FAME II To 2024