ടെസ്ല മോഡൽ 3 | Photo: Tesla Inc
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യന്‍ വിപണിയിലേക്ക് വ്യാപിക്കാനൊരുങ്ങുകയാണ്. എന്നാല്‍, വരവിന് മുന്നോടിയായി ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കണമെന്ന ആവശ്യമാണ് ടെസ്‌ല കേന്ദ്ര സര്‍ക്കാരിനോട് ഉന്നിയിച്ചിട്ടുള്ളത്. ടെസ്‌ലയുടെ ഈ ആവശ്യത്തില്‍ വൈകാതെ തന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് അറിയിച്ചു.
ടെസ്‌ല ആവശ്യപ്പെട്ട ഇറക്കുമതി തീരുവ ഇളവ് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത് സംബന്ധിച്ച തീരുമാനം വൈകാതെ സ്വീകരിക്കും. കേന്ദ്ര ധനമന്ത്രാലയത്തിലെ റെവന്യു വകുപ്പാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നുമാണ് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടത്. മൂന്ന് വര്‍ഷത്തേക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മുമ്പ് ഇ.ടി. ഓട്ടോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, ഈ ഇളവ് ലഭിക്കുന്നതിനായി ടെസ്‌ല അവരുടെ ബിസിനസ് പ്ലാനുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ടെന്നാണ് സൂചന. സര്‍ക്കാരിന്റെ ഇളവ് ലഭിക്കുന്നതിനായി വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയില്‍ വാഹനം അസംബിള്‍ ചെയ്യുന്നതും പരിഗണിക്കണമെന്ന് മുമ്പ് ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പും കേന്ദ്ര ധാനകാര്യ മന്ത്രാലയവും ടെസ്‌ലയോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയില്‍ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടടത്. ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനുള്ള പദ്ധതിയില്‍ പ്രധാന വെല്ലുവിളി ഉയര്‍ന്ന തീരുവയാണ്. വാഹനം ഇറക്കുമതി ചെയ്യാന്‍ കമ്പനി സന്നദ്ധമാണ്. എന്നാല്‍, ലോകത്തിലെ മറ്റ് ഏത് രാജ്യത്തെക്കാളും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യയില്‍ ഈടാക്കുന്നതെന്നായിരുന്നു ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടത്.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവയാണ് ഈടാക്കുന്നത്. എന്‍ജിന്‍ സൈസ്, വില, ഇന്‍ഷുറന്‍സ്, സി.ഐ.എഫ്. മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് 60 മുതല്‍ 100 ശതമാനം വരെ തീരുവ ഈടാക്കുന്നത്. ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെ സംരക്ഷിക്കുന്നതിനാണ് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.
40,000 ഡോളറിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 110 ശതമാനം വരെ ഇറക്കുമതി തീരുവ ഈടാക്കുന്നതിലുടെ ഇലക്ട്രിക് വാഹനങ്ങളെ നിരുത്സാഹപ്പെടുത്തുകയാണെന്നാണ് മസ്‌ക് കേന്ദ്ര സര്‍ക്കാരിനെഴുതിയ കത്തില്‍ പറയുന്നത്. പെട്രോള്‍-ഡീസല്‍ വാഹനങ്ങളോടുള്ള സമാനമായ സമീപനമാണ് സര്‍ക്കാരിന് ഇലക്ട്രിക് വാഹനങ്ങളോടും ഉള്ളതെന്നും, ഇത് കാവാവസ്ഥ ലക്ഷ്യങ്ങളെ സംരക്ഷിക്കില്ലെന്നും മസ്‌ക് കുറ്റപ്പെടുത്തിയിരുന്നു.
Source: ET Auto
Content Highlights: Government Evaluating Tesla's Duty Cut Proposal; Amitabh Kant Niti Aayog CEO
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..