ഗൂഗിള്‍ മാപ്പിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നതും കുരുക്കില്‍ ചാടുന്നതും അടുത്ത കാലത്തായി നിത്യ സംഭവമാണ്. ഏറ്റവും എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുള്ള വഴികളാണ് ഗൂഗിള്‍ മാപ്പില്‍ തെളിയുന്നത്. പലപ്പോഴും ഇത് വാഹനങ്ങള്‍ക്ക് യോജിക്കുന്നത് ആകണമെന്നില്ല. ഇത്തരത്തില്‍ ഏറ്റവുമൊടുവില്‍ കുരുക്കില്‍ ചാടിയിരിക്കുന്നത് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ജര്‍മന്‍ ടൂറിസ്റ്റുകളാണ്. രാജസ്ഥാന്‍ സന്ദര്‍ശനത്തിലാണ് ഗൂഗിള്‍ മാപ്പ് ഇവരെ ചതിച്ചത്. 

വിദേശ വിനോദ സഞ്ചാരികള്‍ക്ക് രാജസ്ഥാനിലെ മെനാറില്‍ നിന്ന് ഉദയ്പൂരിലേക്കുള്ള യാത്ര മധ്യേയാണ് ഗുഗിള്‍ മാപ്പ് കുരുക്കൊരുക്കിയത്. ആറുവരി പാതയായ നാവാനിയ ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടെയാണ് ലക്ഷ്യസ്ഥാനത്ത് എത്താന്‍ എളുപ്പമുള്ള വഴി ഗൂഗിള്‍ മാപ്പ് നിര്‍ദേശിച്ചത്. ഗൂഗിളിനെ പൂര്‍ണമായും വിശ്വസിച്ച് ഉടന്‍ തന്നെ ആ വഴി തിരഞ്ഞെടുക്കുകയായിരുന്നു. സാധാരണ ആവശ്യമുള്ളതിനും കുറഞ്ഞ സമയത്തില്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്നായിരുന്നു മാപ്പിന്റെ ഓഫര്‍.

പുതിയ പാതയിലേക്ക് തിരിഞ്ഞ് യാത്ര ആരംഭിച്ചു. താരതമ്യേന ചെറിയ വഴിയായിരുന്നെങ്കിലും തുടക്കത്തില്‍ റോഡുകള്‍ വളരെ മികച്ചതായിരുന്നു. മുന്നോട്ട് പോകുന്തോറും റോഡിന്റെ സ്വഭാവം മാറി തുടങ്ങി. വലിയ വഴിയില്‍ നിന്ന് ഒറ്റവരിപാതയായി ചുരുങ്ങുകയും പിന്നീട് അത് ചെളി നിറഞ്ഞ വഴിയാകുകയുമായിരുന്നു. അല്‍പ്പം കൂടി മുന്നോട്ട് പോയതോടെ ഇവര്‍ സഞ്ചരിച്ചിരുന്ന ഹ്യുണ്ടായി ഗ്രാന്റ് ഐ10 കാറിന്റെ ടയറുകള്‍ പൂര്‍ണമായും ചെളിയില്‍ ആണ്ടുപോകുകയായിരുന്നു.

പിന്നീട് അവര്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കൊണ്ടുപോകാന്‍ മാത്രമായി ഉപയോഗിക്കുന്ന വഴിയാണിതെന്നാണ് ആളുകള്‍ പറഞ്ഞത്. എന്നാല്‍, മഴ കൂടി പെയ്താല്‍ ഈ വഴിയില്‍ ട്രാക്ടറിന്റെ യാത്ര പോലും ദുര്‍ഘടമാകുമെന്നും സമീപവാസികള്‍ അറിയിച്ചു. കാര്‍ പുറത്തെടുക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍, കാറിലുണ്ടായിരുന്നവര്‍ വാഹനം ട്രാക്ടറുന്റെ സഹായം തേടുകയായിരുന്നു.

പെട്ടെന്ന് ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനായി എളുപ്പവഴി തിരഞ്ഞെടുത്ത സഞ്ചാരികള്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവിടെ കുടുങ്ങിയത്. ഒടുവില്‍ ട്രാക്ടര്‍ എത്തി വാഹനം ചെളിയില്‍ നിന്ന് ഉയര്‍ത്തിയപ്പോള്‍ സമയം വൈകുന്നേരം ആറ് മണി കഴിഞ്ഞിരുന്നു. രണ്ട് കിലോമീറ്ററില്‍ അധികം നടന്ന് പോയാണ് അവര്‍ ഒരു ട്രാക്ടര്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവരെ കൂട്ടി എത്തുകയും രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനം ചെളിയില്‍ നിന്ന് ഉയര്‍ത്തിയത്.

Source: Patrika

Content Highlights: Google Map, Car Stuck In Mud, German Tourists, Rajasthan, Tractor