കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പലകുറി വരവ് നീട്ടിവെച്ച ഹമ്മര്‍ ഇലക്ട്രിക് പിക്ക്അപ്പ് എസ്.യു.വി. ഏപ്രില്‍ മൂന്നിന്‌ അവതരിപ്പിക്കുമെന്ന് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് കമ്പനി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ എസ്.യു.വിയായിരുന്ന ഹമ്മര്‍ പരമ്പരാഗത ഇന്ധനങ്ങളോട് വിടപറഞ്ഞ് ഇലക്ട്രിക് കരുത്തിലാണ് ഇത്തവണ വരുന്നത്. ഇലക്ട്രിക് പിക്ക്അപ്പ് ആയി ആദ്യമെത്തുന്ന ഈ വാഹനം പിന്നീട് എസ്.യു.വിയായുമെത്തും.

2020-ലാണ് ഈ എസ്.യു.വിയുടെ മടങ്ങിവരവ് പ്രഖ്യാപിക്കപ്പെടുന്നത്. എന്നാല്‍, കൊറോണ മഹാമാരി ഈ വാഹനത്തിന്റെ വരവ് വൈകിക്കുകയായിരുന്നു. ഹമ്മര്‍ ഇലക്ട്രിക്കിന്റെ ഡിസൈന്‍, ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ മുമ്പ് തന്നെ ടീസര്‍ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഫോര്‍ഡിന്റെ ഇലക്ട്രിക് വാഹനമായ എഫ്-150, ടെസ്‌ലയുടെ സൈബര്‍ ട്രക്ക് എന്നിവരുമായി കൊമ്പു കോര്‍ക്കാനാണ് ഹമ്മര്‍ ഇലക്ട്രിക് കരുത്തില്‍ വീണ്ടുമെത്തുന്നത്. 

എന്നാല്‍, റേഞ്ചിന്റെ കാര്യത്തില്‍ എതിരാളികളെക്കാള്‍ മുന്നിലായിരിക്കും ഹമ്മര്‍ ഇലക്ട്രിക്. 560 കിലോ മീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന് പരീക്ഷണവേളയില്‍ ലഭിച്ചിരുന്നത്. എതിരളികളായ വാഹനങ്ങള്‍ എല്ലാം പരമാവധി 400 കിലോ മീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 800 വോള്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി ഉറപ്പു നല്‍കുന്നത്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 മൈല്‍ സഞ്ചരിക്കാമെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് കരുത്തിലേക്ക് മാറുമ്പോഴും വേഗതയിലും പവറിലും ഹമ്മര്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മോട്ടോറുകള്‍ ചേര്‍ന്ന് 1000 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കും. കേവലം മൂന്ന് സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനും സാധിക്കും. മുമ്പ് ഹമ്മര്‍ എസ്.യു.വി. ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ആ വാഹനത്തില്‍ ലഭിച്ചിരുന്ന ഡ്രൈവിങ്ങ് അനുഭവം ഇലക്ട്രിക് വാഹനവും നല്‍കുമെന്നും കമ്പനി ഉറപ്പു നല്‍കുന്നു. 

പുതുതലമുറ ഫീച്ചറുകളും ഈ വാഹനത്തിനുള്ളില്‍ നല്‍കുന്നുണ്ട്. കൂടുതല്‍ പ്രകൃതി സൗഹാര്‍ദമാകുന്നതിനൊപ്പം സാങ്കേതികവിദ്യയിലും ഈ വാഹനം ഒരുപടി മുന്നിലാണ്. 13.4 ഇഞ്ച് ഡയഗോണല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ആകര്‍ഷകമായ സീറ്റുകള്‍ തുടങ്ങിയവ അകത്തളത്തില്‍ ഒരുങ്ങും. ഏകദേശം 1.12 ലക്ഷം ഡോളറാണ് (82 ലക്ഷം രൂപ)  ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.

Source: News18 Auto

Content Highlights: GMC Announces The Launch Date Of Hummer Electric