വാഹന ലോകത്തിലെ കരുത്തരില്‍ കരുത്തനെന്ന് വേണം ഹമ്മര്‍ എന്ന വാഹനത്തെ വിശേഷിപ്പിക്കാന്‍. പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളോട് വിടപറഞ്ഞ് ഇലക്ട്രിക് കരുത്തില്‍ എത്തുമ്പോഴും ഈ വിശേഷണം ഹമ്മറിന് അന്യം നിന്ന് പോകുന്നില്ല. അതുകൊണ്ടുതന്നെയാണ് ബുക്കിങ്ങ് തുറന്നപ്പോള്‍ തന്നെ ഈ വാഹനം വിറ്റുത്തീര്‍ന്നതും. ഒടുവില്‍ ഹമ്മര്‍ ഇ.വിയുടെ വിതരണം ആരംഭിച്ചതാണ് ഈ വാഹനവുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ വിശേഷം.

ഇലക്ട്രിക് കരുത്തിലുള്ള പിക്ക്അപ്പ് ട്രക്കായാണ് ഹമ്മര്‍ ഇ.വി. എത്തിയിട്ടുള്ളത്. അമേരിക്കന്‍ വാഹന വിപണിയില്‍ എത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് പിക്ക്അപ്പ് ട്രക്കാണിത്. റിവിയാന്‍ ആര്‍1ടി-യാണ് ഈ സെഗ്്‌മെന്റിലെ ഇലക്ട്രിക് വാഹനങ്ങളിലെ തുടക്കകാരന്‍. ഹമ്മറിന് പിന്നാലെ മറ്റൊരു അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്റെ എഫ്-150 ലൈറ്റനിങ്ങ് എത്തിയേക്കും. ഇലക്ട്രിക് വാഹനങ്ങളിലെ അതികായരായ ടെസ്‌ലയുടെ സൈബര്‍ ട്രക്കും 2022-ല്‍ നിരത്തുകളിലെത്തും.

2020-ലാണ് ഹമ്മറിന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചത്. ഹമ്മര്‍ ഇലക്ട്രിക്കിന്റെ ഡിസൈന്‍, ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ മുമ്പ് തന്നെ ടീസറിലൂടെ വെളിപ്പെടുത്തിയിരുന്നു. കാഴ്ചയില്‍ കേമനാണെങ്കിലും റേഞ്ചാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. 560 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന് ഉറപ്പുനല്‍കുന്നത്. 800 വോള്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 മൈല്‍ സഞ്ചരിക്കാമെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് കരുത്തിലേക്ക് മാറുമ്പോഴും വേഗതയിലും പവറിലും ഹമ്മര്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മോട്ടോറുകള്‍ ചേര്‍ന്ന് 1000 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കും. കേവലം മൂന്ന് സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനും സാധിക്കും. മുമ്പ് ഹമ്മര്‍ എസ്.യു.വി. ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ആ വാഹനത്തില്‍ ലഭിച്ചിരുന്ന ഡ്രൈവിങ്ങ് അനുഭവം ഇലക്ട്രിക് വാഹനവും നല്‍കുമെന്നും കമ്പനി ഉറപ്പു നല്‍കുന്നു. 

പുതുതലമുറ ഫീച്ചറുകളും ഈ വാഹനത്തിനുള്ളില്‍ നല്‍കുന്നുണ്ട്. കൂടുതല്‍ പ്രകൃതി സൗഹാര്‍ദമാകുന്നതിനൊപ്പം സാങ്കേതികവിദ്യയിലും ഈ വാഹനം ഒരുപടി മുന്നിലാണ്. 13.4 ഇഞ്ച് ഡയഗോണല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ആകര്‍ഷകമായ സീറ്റുകള്‍ തുടങ്ങിയവ അകത്തളത്തില്‍ ഒരുങ്ങും. 60.28 ലക്ഷം രൂപ (80,000 ഡോളര്‍) മുതല്‍ 83.11 ലക്ഷം രൂപ(1,10,295 ഡോളര്‍ ) വരെയാണ് ഈ വാഹനത്തിന്റെ വില.

Content Highlights: GM Motors starts delivery of Hummer Electric Pick Up Truck, Hummer EV